ഭാരത് ജോഡോ 2.0; ഡിസംബറിൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്
national news
ഭാരത് ജോഡോ 2.0; ഡിസംബറിൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th November 2023, 4:27 pm

ന്യൂദൽഹി: ഭാരത് ജോഡോയുടെ രണ്ടാം ഘട്ടം നടത്തുന്നത് കോൺഗ്രസ്‌ പാർട്ടിയുടെ പരിഗണനയിലെന്ന് റിപ്പോർട്ട്. ഈ വർഷം ഡിസംബറിനും 2024 ഫെബ്രുവരിക്കുമിടയിൽ യാത്ര സംഘടിപ്പിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിൽ വാഹനത്തിലും കാൽനടയായും പ്രവർത്തകർ പങ്കെടുത്തേക്കും.

രാജ്യത്തിന്റെ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ആയിരിക്കണം അടുത്ത ഘട്ടത്തിലെ യാത്ര എന്ന് കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രണ്ടാം ഘട്ടം പരിഗണനയിലാണെന്ന് സെപ്റ്റംബറിൽ കോൺഗ്രസ്‌ അറിയിച്ചിരുന്നു.

2022 സെപ്റ്റംബർ ഏഴ് മുതൽ ഈ വർഷം ജനുവരി 30 വരെ നടന്ന ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടത്തിൽ, കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ ജമ്മു കശ്മീരിലെ ശ്രീനഗർ വരെ 4,080 കി.മീ ദൂരം സഞ്ചരിച്ചിരുന്നു.

136 ദിവസങ്ങളിലായി 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ കടന്ന് പോയ യാത്ര ഇന്ത്യയിലെ ഏറ്റവും വലിയ കാൽനട യാത്രയായി കണക്കാക്കുന്നു.

ലക്ഷക്കണക്കിന് ആളുകൾ കോൺഗ്രസ്‌ നേതാക്കളെ അനുഗമിച്ച യാത്രക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. കമൽ ഹാസൻ, പൂജ ഭട്ട്, റിയ സെൻ, സ്വര ഭാസ്കർ, രശമി ദേശായ്, ആകാൻഷ പുരി, അമോൽ പലേഖർ തുടങ്ങിയ ചലച്ചിത്ര, സീരിയൽ താരങ്ങളും യാത്രയിൽ പങ്കെടുത്തിരുന്നു.

മുൻ സൈനിക മേധാവി ജനറൽ ദീപക് കപൂർ, മുൻ നേവി ചീഫ് അഡ്മിറൽ എൽ. രാംദാസ്, മുൻ ആർ.ബി.ഐ ഗവർണർ രഗുറാം രാജൻ മുൻ ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം എന്നിവരും യാത്രയിൽ പങ്കെടുത്തിരുന്നു.

Content Highlight: Bharat Jodo Yatra 2.0 under consideration, likely between December and February 2024: Report