എഡിറ്റര്‍
എഡിറ്റര്‍
‘ മലയാള സിനിമയില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ ശ്രമിച്ചയാളുടെ പേര് കേട്ടപ്പോള്‍ ഞെട്ടിപ്പോയി’ ; വെളിപ്പെടുത്തലുമായി ഭാമ
എഡിറ്റര്‍
Friday 11th August 2017 2:59pm

മലയാള സിനിമയില്‍ നിന്നും ചിലര്‍ ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഭാമ തയ്യാറായിരുന്നില്ല. എന്നാല്‍ അത്തരമൊരു ഇടപടെല്‍ തനിക്കെതിരെ നടന്നിരുന്നെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോള്‍.

വനിതാമാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഭാമയുടെ വാക്കുകള്‍ ഇങ്ങനെ ” ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സജി സുരേന്ദ്രന്‍ പറഞ്ഞു ഭാമയെ ഈ സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്‌സ് ചെയ്തു കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് തലവേദനയാകും എന്ന് മുന്നറിയിപ്പ് നല്‍കി. അന്നതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്കെ വിചാരിച്ചു.

വീണ്ടും ചില സംവിധായകര്‍ എന്നോടിത് തുറന്ന് പറഞ്ഞിട്ടുണ്ട്. കുറച്ചുനാള്‍ മുന്‍പ് വി.എം വിനു സംവിധാനം ചെയ്ത മറുപടിയില്‍ അഭിനയിച്ചു. ഷൂട്ടിങ് തീരാറായ ദിവസങ്ങളൊന്നില്‍ വിനു ചേട്ടന്‍ പറഞ്ഞു. നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുന്‍പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന്

ചേട്ടന്‍ എനിക്കൊരു ഉപകാരം ചെയ്യണം ആരാണ് വിളിച്ചതെന്ന് മാത്രമൊന്നു പറയാമോ? ഒരു കരുതലിന് വേണ്ടി മാത്രമാണ്. ഞാന്‍ ആവശ്യപ്പെട്ടു. വിനുചേട്ടന്‍ പറഞ്ഞ പേര് കേട്ട് ഞാന്‍ ഞെട്ടി. ഞാനൊക്കെ ഒരുപാട് ബഹുമാനിക്കുന്ന ആള്‍. ചില ചടങ്ങുകളില്‍ വെച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിന് ശ്രമിക്കുന്നു എന്നറിയില്ല. ”- ഭാമ പറയുന്നു.

സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ എന്തുകൊണ്ടാകാം അങ്ങനെ ചിലര്‍ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് പ്രതിഫലത്തിന്റെ കാര്യത്തില്‍ സ്ട്രിക്ട് ആകുന്നതും എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയുന്നതും കൊണ്ടാവാമെന്നായിരുന്നു ഭാമയുടെ മറുപടി. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സുരക്ഷിതത്വം തോന്നുന്ന കാര്യങ്ങളില്‍ വാശിപിടിക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ല.

വളരെ പാവമായി സംസാരിക്കുമ്പോള്‍ അത് ചൂഷണം ചെയ്യാന്‍ നിരവധി പേരെത്തും. ചെറിയ ബഡ്ജറ്റേയുള്ളവെന്ന് പറഞ്ഞും പ്രതിഫലം മുഴുവനായി തരാതെയുമൊക്കെ വഞ്ചിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എനിക്ക് മധുരമായി സംസാരിക്കാനറിയില്ല. ബാക്കി തുക തര്വോ, അടുത്ത സിനിമയിലെങ്കിലും തരാമോ എന്നൊക്കെ ചോദിക്കാന്‍ എനിക്ക് പറ്റില്ല- ഭാമ പറയുന്നു.

അതുപോലെ ലൊക്കേഷനില്‍ കാരവന്‍ ആവശ്യപ്പെടുന്നത് അഹങ്കാരം കൊണ്ടോ ആഢംബരം കാണിക്കാനോ ഒന്നുമല്ല. ലൊക്കേഷനില്‍ സുരക്ഷിതമായി വസ്ത്രംമാറാന്‍ അതാണ് നല്ലതെന്ന തിരിച്ചറിവുകൊണ്ടാണ്- ഇത്തരം കാര്യങ്ങള്‍ക്കൊക്കെയാണ് താന്‍ പൊതുവെ പ്രതികരിക്കാറുള്ളതെന്നും ഭാമ പറയുന്നു.

Advertisement