താലിയെ തരം താഴ്ത്തി സംസാരിച്ചത് അംഗീകരിക്കാനാകില്ല: ഡ്യൂഡിനെതിരെ നടനും സംവിധായകനുമായ ഭാഗ്യരാജ്
Indian Cinema
താലിയെ തരം താഴ്ത്തി സംസാരിച്ചത് അംഗീകരിക്കാനാകില്ല: ഡ്യൂഡിനെതിരെ നടനും സംവിധായകനുമായ ഭാഗ്യരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st October 2025, 11:52 am

ദീപാവലി റിലീസായി തിയേറ്ററുകളിലെത്തി വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് തമിഴ് ചിത്രം ഡ്യൂഡ്. പ്രദീപ് രംഗനാഥന്‍ നായകനായ ചിത്രം റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളില്‍ 100 കോടിയിലധികം കളക്ഷന്‍ നേടി. ഇപ്പോഴിതാ ചിത്രത്തിനെതിര വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ഭാഗ്യരാജ്.

ഡ്യൂഡില്‍ താലിയെക്കുറിച്ച് പ്രദീപ് രംഗനാഥന്‍ പറയുന്ന ഡയലോഗിനെതിരെയാണ് ഭാഗ്യരാജ് വിമര്‍ശനമുന്നയിച്ചത്. പുതിയ കാലത്തെ സിനിമകളില്‍ പഴയ മൂല്യങ്ങളെയെല്ലാം വിലകുറച്ച് കാണാന്‍ ശ്രമിക്കുന്നെന്നാണ് ഭാഗ്യരാജിന്റെ ആരോപണം. ഇത്തരത്തില്‍ തരം താഴ്ന്ന ഡയോലുകള്‍ ഒരു കാലത്തും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡ്യൂഡ് എന്ന പടം കണ്ടു. അതിലെ ഒരു സീനില്‍ നായകന്‍ ഒരു ഡയലോഗ് പറയുന്നുണ്ട്. ‘എല്ലാവരും താലിയുടെ മഹത്വം മാത്രമേ കാണുന്നുള്ളൂ, എന്നാല്‍ അതിന്റെ പിന്നിലുള്ള പെണ്‍കുട്ടിയുടെ ഫീലിങ്‌സിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല’ എന്നാണ് ആ ഡയലോഗ്. ആരാണ് ഇത് എഴുതിയതെന്ന് എനിക്കറിയില്ല. ഒട്ടും അംഗീകരിക്കാനാകാത്ത ഡയലോഗാണ് എനിക്ക് ഇത്.

കല്യാണത്തിന് മുമ്പ് പെണ്‍കുട്ടിക്ക് ഒരുപാട് ആളുകളോട് ഇഷ്ടം തോന്നിയിട്ടുണ്ടാകാം. അതുപോലെ ആണ്‍കുട്ടിക്കും മറ്റ് പെണ്‍കുട്ടികളോട് ഇഷ്ടം തോന്നിയിട്ടുണ്ടാകാം. എന്നാല്‍ എപ്പോള്‍ ആ പെണ്ണിന്റെ കഴുത്തില്‍ താലി കയറുന്നുവോ, ആ നിമിഷം രണ്ടുപേരുടെയും കഴിഞ്ഞകാലത്തെ ഓര്‍മകളെല്ലാം മായ്ച്ച് പുതിയ ജീവിതത്തിലേക്ക് കടക്കും.

പിന്നീടുള്ള കാലം അവര്‍ രണ്ടു പേരും ‘എനിക്ക് നീ, നിനക്ക് ഞാന്‍’ എന്ന രീതിയില്‍ ജീവിക്കണം. അതിന് കാരണമാകുന്നത് ഒരു താലിയാണ്. ആ താലിയെ അങ്ങേയറ്റം തരം താഴ്ത്തിക്കൊണ്ടുള്ള ഈ ഡയലോഗ് എനിക്ക് ഒരുകാലത്തും അംഗീകരിക്കാനാകില്ല. അത് എത്ര നല്ല സിനിമയാണെന്ന് പറഞ്ഞാലും എനിക്ക് യോജിക്കാനാകില്ല,’ ഭാഗ്യരാജ് പറയുന്നു.

നവാഗതനായ കീര്‍ത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. അഗന്‍ എന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് നടത്തിപ്പുകാരനും അയാളുടെ കസിന്‍ കുറലും തമ്മിലുള്ള പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ഡ്യൂഡിന്റെ പ്രമേയം. ഹൃദു ഹാറൂണ്‍, ശരത് കുമാര്‍, രോഹിണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlight: Bhagyaraj reacts against the Thaali dialogue in Dude movie