വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് അതിജീവിത; ഇനിയും സ്വമേധയാ മുന്നോട്ട് വരാന്‍ അവര്‍ക്ക് ഭയമുണ്ട്: ഭാഗ്യലക്ഷ്മി
Kerala News
വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് അതിജീവിത; ഇനിയും സ്വമേധയാ മുന്നോട്ട് വരാന്‍ അവര്‍ക്ക് ഭയമുണ്ട്: ഭാഗ്യലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2022, 2:00 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരെ വന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളില്‍ ഞെട്ടിത്തരിച്ച അവസ്ഥയിലാണ് അതിജീവിതയെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സിനിമാ ലോകത്ത് മാത്രം ജീവിച്ച ആ പെണ്‍കുട്ടിക്ക് ഇനി എന്താണ് ചെയ്യേണ്ടെന്നതില്‍ ഭയമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അവരുടെ പ്രതികരണം.

ഈ കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അതിജീവിത നേരത്തെ കോടതികളെ സമീപിച്ചതാണ്. ആ ആവശ്യം കോടതി തള്ളിയതോടെ ഇനിയും ഞാന് നാണം കെടേണ്ടിവരുമോയെന്ന ഭയം അവരുടെ ഉള്ളിലുണ്ട്. കോടതിക്കെതിരെ പറഞ്ഞാല്‍ നമുക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുന്ന സ്ഥിതിയാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

‘രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാരും രാജി വെച്ചപ്പോഴും ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു ആ പെണ്‍കുട്ടി. അവര്‍ക്കറിയില്ല എന്താണ് ചെയ്യേണ്ടതെന്ന്. ഇനി ചെയ്യേണ്ടതെന്തെന്നതിനെ സംബന്ധിച്ച് അന്വേഷണ സംഘവുമായി അവര്‍ സംസാരിച്ചേക്കും. നമുക്ക് പറയാന്‍ പറ്റുന്ന അഭിപ്രായം പോലും അവര്‍ക്ക് പറയാന്‍ പറ്റുന്നില്ല. അവരുടെ അവസ്ഥ ദയനീയമാണ്.

നമ്മളെല്ലാവരും പൊതുമധ്യത്തില്‍ സംസാരിക്കുന്നവരും ഇടപെടുന്നവരുമാണ്. ആ പെണ്‍കുട്ടി സിനിമ മാത്രം കണ്ട് ജീവിക്കുന്ന പെണ്‍കുട്ടിയാണ്. ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ച അവസ്ഥയിലാണ്, ഇനിയും സ്വമേധയാ മുന്നോട്ട് വരാന്‍ അവര്‍ക്ക് ഭയമുണ്ട്,’ ഭാഗ്യലക്ഷ്മി പറഞ്ഞു.

പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുകയാണെന്നും ജനങ്ങള്‍ പ്രതിഷേധവുമായി റോഡിലേക്കിറങ്ങേണ്ടതുണ്ട്. ആരാണ് തെരുവിലിറങ്ങി നീതിക്ക് വേണ്ടി സമരം ചെയ്യുന്നത്. ഇത് ഒരു നടിയുടെ പ്രശ്‌നമല്ല പെണ്‍കുട്ടികളുടെ പ്രശ്‌നമാണ്.

പൊതുജനങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഏറ്റവും നല്ല അവസരമാണിത്. നാളെ നമ്മളും അവരുടെ സ്ഥാനത്ത് നില്‍ക്കേണ്ടി വരാം എന്ന ഒരു ബോധമുണ്ടാവണം. സിനിമ മേഖലയിലുള്ളവര്‍ പോലും ഇതേ പറ്റി സംസാരിക്കാത്തത് അവരുടെ പെണ്‍മക്കള്‍ സുരക്ഷിതരാണ് എന്ന തെറ്റായ ബോധം മൂലമാണ്. ദിലീപ്-മഞ്ജു പ്രശ്‌നത്തെ പറ്റി സംസാരിച്ചത് ആ പ്രശ്‌നമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മൂലകാരണമെന്നതിലാണ്, ആ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് ചോദിച്ച കോടതി, അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്നും അഭിപ്രായപ്പെട്ടു. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. അതാണ് ചോര്‍ന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന രേഖ. ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണില്‍ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു. ആ രഹസ്യ രേഖ കോടതിയുടെ എ ഡയറിയിലെ വിശദാംശങ്ങളെന്ന് കോടതി മറുപടി നല്‍കി. അത് ബെഞ്ച് ക്ലര്‍ക്കാണ് തയാറാക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ പൊലീസിന് എന്താണ് അധികാരം എന്ന് ജഡ്ജി ചോദിച്ചു. കോടതിയില്‍ ഉള്ളവരുടെ കാര്യം തനിക്ക് നോക്കാന്‍ അറിയാം, രഹസ്യ രേഖ ചേര്‍ന്നിട്ട് ഉണ്ടെങ്കില്‍ അതിനായി വ്യക്തമായ തെളിവുകള്‍ ഹാജരാക്കണം. ഇപ്പോള്‍ നല്‍കിയ തെളിവുകളൊന്നും തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു.

Content Highlights: Bhagyalakshmi says about survivor in actress attack case