കൊച്ചി: ഫെഫ്കയില്‍ നിന്നും രാജിവെച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ കോടതി വെറുതെ വിട്ട ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
ദിലീപ് കുറ്റക്കാരനല്ലെന്ന് സുപ്രീം കോടതി പറയണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. താനും കൂടിയുള്ളപ്പോള്‍ രൂപീകരിച്ച സംഘടന സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നില്ലെന്ന് തോന്നിക്കഴിഞ്ഞാല്‍ ഇറങ്ങുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
അതിജീവിതകള്‍ക്കൊപ്പം നില്‍ക്കില്ലെന്ന് സിനിമാ മേഖലയിലെ മൂന്ന് സംഘടനകളും പ്രഖ്യാപിച്ചു കഴിഞ്ഞു. അവര്‍ പണവും സ്വാധീനവും ഉള്ളവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.
‘എന്ത് വേഗത്തിലാണ് ഈ സംഘടനകള്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്തത് എന്ന് നോക്കൂ. ഒരു കത്ത് തരാന്‍ കാത്ത് നില്‍ക്കുകയാണ്. ഈ പറയുന്നവര്‍ അവളോട് ഒന്ന് സംസാരിച്ചിട്ടില്ല. ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചിട്ടില്ല. ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും സഞ്ചരിക്കുന്നത് എന്ത് വൃത്തികെട്ട നിലപാടില്ലായ്മയാണ്,’ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
നിലവില്‍ വിചാരണക്കോടതി വിധിയെ വന്നിട്ടുള്ളു. ഈ വിധി തെളിവുകളുടെ അഭാവത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു സംഘടനയിലും ഇനി അംഗമാകില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിനെ വെച്ച് സിനിമ ചെയ്യുമ്പോള്‍ പോലും ചെയ്യരുതെന്ന് വിലക്കിയിരുന്നു. കേസിലെ വിധി വന്നതിനുശേഷം അക്കാര്യങ്ങള്‍ എല്ലാം തീരുമാനിക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പുറത്താക്കിയത് പോലെ തന്നെ തിരിച്ചെടുക്കുമ്പോഴും എല്ലാവരെയും വിളിച്ചുചേര്‍ത്ത് ജനറല്‍ ബോഡി യോഗം വിളിക്കണമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.
താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെയും ഭാഗ്യലക്ഷ്മി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. പുരുഷന്മാരുടെ വാക്കുകള്‍ തന്നെയാണ് അമ്മയുടെ തലപ്പത്തിരിക്കുന്ന സ്ത്രീകളുടേതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ ദിവസം അപേക്ഷ തന്നാല്‍ ദിലീപിനെ ഉടന്‍ തന്നെ തിരിച്ചെടുക്കുമെന്ന് ഫെഫ്ക പറഞ്ഞിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.