ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
കൊച്ചി: അശ്ലീല യുട്യൂബറെ കൈയ്യറ്റം ചെയ്‌തെന്ന കേസില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും ആക്ടിവിസ്റ്റുകളായ ദിയ സനക്കും ശ്രീലക്ഷ്മി അറയ്ക്കലിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം. നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ജാമ്യാപേക്ഷ പരിഗണിക്കവെ നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാവണം എന്ന് നേരത്തെ കോടതി പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായാണ് വിജയ് പി. നായരുടെ താമസസ്ഥലത്ത് പോയതെന്നാണ് ജാമ്യഹരജിയില്‍ പറയുന്നത്.
സെപ്റ്റംബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടുള്ള യൂട്യൂബ് ചാനല്‍ നടത്തിയ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവര്‍ത്തകരായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
യൂട്യൂബ് ചാനലിനെതിരെ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ നേരിട്ട് പ്രതിഷേധവുമായെത്തിയത്.