എന്റെ ശബ്ദം ആ നടിക്ക് ഒട്ടും ചേരില്ലെന്ന് സിനിമ കണ്ടപ്പോള്‍ മനസിലായി, ഇപ്പോള്‍ ഡബ്ബ് ചെയ്യാന്‍ പേടിയാണ്: ഭാഗ്യലക്ഷ്മി
Malayalam Cinema
എന്റെ ശബ്ദം ആ നടിക്ക് ഒട്ടും ചേരില്ലെന്ന് സിനിമ കണ്ടപ്പോള്‍ മനസിലായി, ഇപ്പോള്‍ ഡബ്ബ് ചെയ്യാന്‍ പേടിയാണ്: ഭാഗ്യലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th October 2025, 8:11 am

ഡബ്ബിങ് ആര്‍ട്ടിസ്റ്റായും നടിയായും സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മിയെ തേടി വന്നിട്ടുണ്ട്. ഒരുകാലത്ത് ഡബ്ബിങ് മേഖലയില്‍ നിറഞ്ഞുനിന്ന ഭാഗ്യലക്ഷ്മി ഇപ്പോള്‍ അത്ര സജീവമല്ല. ഈ വര്‍ഷം പുറത്തിറങ്ങിയ ഹൃദയപൂര്‍വത്തിലാണ് ഏറ്റവുമൊടുവില്‍ ഡബ്ബ് ചെയ്തത്.

തന്റെ ശബ്ദം തീരെ ചേരാത്ത നടിമാര്‍ക്ക് ഡബ്ബ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. തനിക്ക് മുമ്പും തനിക്ക് ഒപ്പവും ശേഷവും തന്നെക്കാള്‍ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ ചില സിനിമകളില്‍ ഡബ്ബ് ചെയ്യേണ്ടിയിരുന്നില്ലെന്ന് ഇടക്ക് തോന്നാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

‘ചില നടിമാര്‍ക്ക് എന്റെ ശബ്ദം ചേരില്ല. അത്തരത്തിലൊരാളാണ് ഭാവന. ഒരു സിനിമയില്‍ ഭാവനക്ക് ഞാന്‍ ഡബ്ബ് ചെയ്തു. ഈയടുത്ത് ആ പടം കണ്ടപ്പോഴാണ് എത്ര വലിയ തെറ്റാണ് ഞാന്‍ ചെയ്തതെന്ന് ആലോചിച്ചു. കാരണം, എന്റെ ശബ്ദം ഭാവനക്ക് ഒരിക്കലും ചേരുന്നില്ല. എന്തിനാണ് അത് ചെയ്യാന്‍ പോയതെന്ന് ആലോചിച്ചു.

ഇക്കാര്യം ഭാവനയോട് പറഞ്ഞിട്ടില്ല. ‘എന്തിനാ ചേച്ചീ ഇങ്ങനെ പറയുന്നത്’ എന്നേ ഭാവന ചോദിക്കുള്ളൂ. ചിലപ്പോള്‍ ചിരിച്ചു തള്ളും. നിത്യ മേനോന് വേണ്ടിയും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്റെ ശബ്ദം നിത്യക്ക് ഒട്ടും ചേരുന്നുണ്ടായിരുന്നില്ല. സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോള്‍ ഡബ്ബ് ചെയ്യാന്‍ പേടിയാണ്. പല ഓഫറും ഞാന്‍ വേണ്ടെന്ന് വെക്കാറുണ്ട്,’ ഭാഗ്യലക്ഷ്മി പറയുന്നു.

ഡബ്ബിങ് മേഖലയില്‍ കഴിവുള്ള ഒരുപാട് ആളുകളുണ്ടെന്നും അവരാരും തന്നെപ്പോലെ സമൂഹത്തില്‍ പല കാര്യത്തിലും ഇടപെടാറില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ചാനല്‍ ചര്‍ച്ചകളിലും സ്റ്റേജ് പരിപാടികളിലുമെല്ലാം പങ്കെടുത്ത് തന്റെ മുഖവും ശബ്ദവും എല്ലാവര്‍ക്കും പരിചിതമായെന്നും അതുകൊണ്ടാണ് തന്റെ ശബ്ദം ഇപ്പോള്‍ പലര്‍ക്കും തിരിച്ചറിയാനാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്നെ ഏറ്റവും നന്നായി വിമര്‍ശിക്കുന്നത് ഞാനാണ്. ഒരു കാര്യം ചെയ്താല്‍ അത് ശരിയാണോ അല്ലയോ എന്ന് ആദ്യം സ്വയം വിലയിരുത്തും. ഇപ്പോള്‍ ഡബ്ബിങ്ങൊന്നും ഏറ്റെടുക്കണ്ടെന്ന് അതുകൊണ്ടാണ് തീരുമാനിച്ചത്. ആരെങ്കിലും സമീപിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും. എടുത്താല്‍ പൊങ്ങാത്ത പ്രതിഫലം ചോദിക്കുമ്പോള്‍ അവര്‍ തിരിച്ചു പൊയ്‌ക്കോളും,’ ഭാഗ്യലക്ഷ്മി പറഞ്ഞു.

Content Highlight: Bhagyalakshami saying she realized that her voice won’t match for some actresses