സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭഗവത് ഗീത ശ്ലോകം ചൊല്ലുന്നത് നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍
India
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭഗവത് ഗീത ശ്ലോകം ചൊല്ലുന്നത് നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th July 2025, 3:09 pm

ഡെറാഡൂണ്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭഗവത് ഗീത ശ്ലോകം ചൊല്ലുന്നത് നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍.

17,000 സര്‍ക്കാര്‍ സ്‌കൂളുകളുടെ സിലബസില്‍ ഭഗവദ്ഗീതയും രാമായണവും ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലിനോട് (എന്‍.സി.ഇ.ആര്‍.ടി) ആവശ്യപ്പെട്ടു.

പിന്നാലെ പുതിയ സിലബസ് അവതരിപ്പിക്കുന്നത് വരെ സ്‌കൂളുകളില്‍ പ്രാര്‍ത്ഥനാ സെഷനുകള്‍ ഉണ്ടാകുമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ് റാവത്ത് അറിയിച്ചു. ഈ സെഷനുകളില്‍ ഭഗവത് ഗീത, രാമായണം എന്നിവയില്‍ നിന്നുള്ള ശ്ലോകങ്ങള്‍ ചൊല്ലണമെന്നും ബി.ജെ.പി മന്ത്രി നിര്‍ദേശിച്ചു.

ജൂലൈ 15ന് പുതിയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി എന്‍.സി.ഇ.ആര്‍.ടി വീണ എന്നൊരു പുസ്തകം പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളും നാഗരിക പൈതൃകവുമായിരുന്നു വീണയിലെ ഉള്ളടക്കം.

ഹരിദ്വാര്‍, വാരണാസി, പ്രയാഗ് രാജ്, പാട്ന, കാണ്‍പൂര്‍, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കാസിരംഗ നാഷണല്‍ പാര്‍ക്ക്, അജന്ത, എല്ലോറ ഗുഹകള്‍, പ്രകൃതിദത്ത കളര്‍ നിര്‍മാണം, പാരാലിമ്പിക് ചാമ്പ്യന്‍ മുരളികാന്ത് പെറ്റ്കര്‍ എന്നിവയാണ് പുസ്തകത്തിലെ മറ്റ് വിഷയങ്ങള്‍.

കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിനെ കുറിച്ചുള്ള വിവരങ്ങളും വീണയിലെ മറ്റൊരു അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളിലെ ശാസ്ത്രബോധത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം.

ഇതിനിടെ എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകവും എന്‍.സി.ഇ.ആര്‍.ടി പരിഷ്‌കരിച്ചു. ദല്‍ഹി സുല്‍ത്താനേറ്റിലും മുഗള്‍ കാലഘട്ടത്തിലും ‘മതപരമായ അസഹിഷ്ണുത’ ഉണ്ടെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പുനര്‍രൂപകല്‍പ്പന ചെയ്യല്‍ എന്ന അധ്യായത്തില്‍ പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനേഴാം നൂറ്റാണ്ട് വരെയുള്ള ചരിത്രമാണ് ഉള്‍ക്കൊള്ളുന്നത്.

ദല്‍ഹി സുല്‍ത്താനേറ്റിന്റെ ഉയര്‍ച്ചയും തകര്‍ച്ചയും ചെറുത്തുനില്‍പ്പുകളും സിഖുകാരെക്കുറിച്ചും ഈ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പുസ്തകത്തില്‍ ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യന്‍ ബിയോണ്ട്’ എന്ന ഭാഗത്തിലാണ് പരിഷ്‌കരിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlight: Uttarakhand government to recite Bhagavad Gita in government schools