അജുവിന് എന്നും മെസ്സേജ് അയക്കും, ഒരിക്കൽ പോലും റീപ്ലേ തന്നില്ല; ജീവിതം തകർന്ന സമയത്താണ് അദ്ദേഹം വാതിൽ തുറന്ന് വന്നത്: ഭഗത് മാനുവൽ
Malayalam Cinema
അജുവിന് എന്നും മെസ്സേജ് അയക്കും, ഒരിക്കൽ പോലും റീപ്ലേ തന്നില്ല; ജീവിതം തകർന്ന സമയത്താണ് അദ്ദേഹം വാതിൽ തുറന്ന് വന്നത്: ഭഗത് മാനുവൽ
നന്ദന എം.സി
Sunday, 8th March 2026, 10:07 am

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഭഗത് മാനുവൽ.

2010 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പുരുഷു എന്ന കഥാപാത്രം താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടി കൊടുത്തത്. തുടർന്ന് ഉസ്താദ് ഹോട്ടൽ, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി,സൺഡേ ഹോളിഡേ, ആട് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട താരം തന്റെ സുഹൃത്തുക്കളെ കുറിച്ചും സിനിമ നടൻ എന്ന നിലയിൽ അനുഭവിച്ച കഷ്ടതകളെ കുറിച്ചും തുറന്ന് പറയുകയാണ്. ഷെഫ് നളൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭഗത് മാനുവൽ മനസുതുറന്നത്.

മലർവാടി ആർട്സ് ക്ലബ്ബ്, Photo: IMDb

‘ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു വിവാഹജീവിതം വേർപെട്ടത്. ഞങ്ങൾക്ക് ഒരു കുട്ടിയുണ്ട്, ആ കുട്ടി ഇപ്പോൾ എന്റെ കൂടെയാണ്. ഡിവോഴ്‌സ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അതിനാൽ തന്നെ പെട്ടെന്ന് ഇങ്ങനെ ഒരു ബ്രേക്ക് ഉണ്ടായപ്പോൾ എനിക്ക് എന്നെ തന്നെ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല.

കള്ളുകുടിയും അങ്ങനെ നോർമൽ പരിപാടികളിലേക്കും പോയി ജീവിതം ഫുൾ അലമ്പായി. ലവ് മാരേജ് ആയിരുന്നിട്ടും അത് ഡിവോഴ്‌സ് ആയപ്പോൾ ഭയങ്കര വിഷമമായിരുന്നു. അത് ഓവർക്കം ചെയ്യാൻ കുറെ സമയം എടുത്തു. പക്ഷേ കൊച്ച് എന്റെ കൂടെയുണ്ടായത് വലിയൊരു അനുഗ്രഹമായി.

മലർവാടി കഴിഞ്ഞ അടുത്ത വർഷം തന്നെയാണ് ഇങ്ങനെ സംഭവിച്ചത്. കല്യാണം കഴിഞ്ഞ സമയമെല്ലാം വലിയ നിലയിലായിരുന്നു ജീവിതം. പൃഥ്വിരാജ് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ തൊട്ട് താഴെയാണ് ഞങ്ങളും താമസിച്ചുകൊണ്ടിരുന്നത്. അത്രയും നന്നായി പോയിരുന്ന സമയത്താണ് ഈ കാര്യങ്ങൾ ഒക്കെ സംഭവിക്കുന്നത്. അവിടെ ഞാൻ കൈവിട്ടുപോയി.

മലർവാടി ആർട്സ് ക്ലബ്ബ്, Photo: IMDb

ആ സമയം നിവിനും അജുവും എല്ലാം നല്ല ബിസിയായിരുന്നു. ഞാനും തിരക്കിലായിരിക്കുമെന്ന് അവർ കരുതിയിരിക്കാം. ജീവിതത്തിന്റെ ഏറ്റവും അറ്റത്ത് നിൽക്കുന്ന സമയത്ത് ഡോർ തുറന്ന് വന്ന ആളാണ് ഡയറക്ടർ മനു. അജു വർഗീസും ഇടയ്ക്കിടെ വന്ന് ‘എന്ത് പറ്റി’ എന്ന് ചോദിക്കുമായിരുന്നു.

ഞാൻ ദിവസവും അജുവിന് ഗുഡ് മോർണിങ് മെസ്സേജ് അയക്കും. എല്ലാ ദിവസവും അങ്ങനെ മെസ്സേജ് അയക്കുന്ന ഒരു വ്യക്തി ഞാനായിരിക്കും. ഒരിക്കൽ പോലും എനിക്ക് റീപ്ലേ തന്നിട്ടില്ല. പക്ഷേ ഒരിക്കൽ ഗുഡ് മോർണിങ് ചെന്നില്ലെങ്കിൽ അജുവിന്റെ കോൾ വരും. അതെനിക്ക് വലിയൊരു ധൈര്യമാണ്. ഈ സൗഹൃദങ്ങൾ ഞാൻ നേടിയെടുത്തിത എന്റെ സമ്പാദ്യമാണ്,’ ഭഗത് മാനുവൽ പറഞ്ഞു.

Content Highlight: Bhagath Manuel talk about Actor Aju Vargheese

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.