വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മലയാള സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ഭദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ സ്ഫടികം. ഒരുപാട് മാസ് അവതാറുകള്‍ക്ക് രൂപം നല്‍കിയ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു ചിത്രത്തിലെ മുണ്ട് പറിച്ചടിക്കുന്ന ആട് തോമ. വെറുമൊരു മാസ് ആക്ഷന്‍ ചിത്രം എന്നതിലുപരി ഒരുപാട് വൈകാരികതയും ആശയപരമായി ആഴവുമുള്ള ചിത്രം ബോക്‌സ് ഓഫീസിലെ വന്‍ വിജയത്തിന് പുറമെ വലിയ രീതിയില്‍ നിരൂപക പ്രശംസയും സ്വന്തമാക്കിയിട്ടുണ്ട്.
മോഹന്‍ലാല്‍, തിലകന്‍, രാജന്‍.പി. ദേവ്. എന്‍.എഫ് വര്‍ഗീസ്, ഉര്‍വ്വശി, കെ.പി.എ.സി ലളിത, സില്‍ക്ക് സ്മിത, ചിപ്പി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍, സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ചാണ് സംവിധായകന്‍ സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിച്ചിരിക്കുന്നത്.
‘ഒരുപാട് തവണ മാറ്റി എഴുതിയിട്ടാണ് സ്ഫ്ടികം എന്ന കഥ ഉണ്ടാകുന്നത്. എത്രയോ പ്രാവിശ്യം ആ തിരക്കഥയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നത് രണ്ടര മുതല്‍ മൂന്ന് വര്‍ഷം വരെ ആ സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്തിരുന്നു. ഒരുപക്ഷേ അതുകൊണ്ട് തന്നെയായിരിക്കും എല്ലാം മറന്നാലും സ്ഫടികം എന്ന ചിത്രം ആര്‍ക്കും മറക്കാന്‍ സാധിക്കാത്തത്. അതിനകത്തെ ഫിലിം മേക്കറും സ്‌ക്രിപ്റ്റും അതിലഭിനയിച്ച അഭിനേതാക്കളും എല്ലാം സെക്കന്‍ഡറിയാണ്.
ചിത്രത്തില്‍ നമ്മള്‍ കൊണ്ടുവരാന്‍ ശ്രമിച്ച സന്ദേശമാണ് അതിന്റെ പ്രത്യേകത. അങ്ങനെയൊരു ചലച്ചിത്രം അന്നേവരെ ഭൂമുഖത്ത് ഉണ്ടായിട്ടില്ല. കാരണം അതിന്റെ അടിസ്ഥാനം പാരന്റിങ് ആണ്. ഒരു അച്ഛന്‍ ഒരു മകനെ അല്ലെങ്കില്‍ ഒരു അധ്യാപകന്‍ ഒരു മകനെ വളര്‍ത്തിയെടുക്കണം എന്നാണതില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ആ ചിത്രത്തിന്റെ പര്യവസാനം ഒരു റൗഡിയുടെ മനം മാറ്റമല്ല, ഒരു റൗഡിയുടെ തിരിച്ചറിവാണ്,’ ഭദ്രന്‍ പറഞ്ഞു.
ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായ ഗണിതാധ്യാപകനായ ചാക്കോ മാഷിനെയും റൗഡിയായി മാറുന്ന ആട് തോമയെയും ചുറ്റിപ്പറ്റിയുള്ള കഥയാണ സ്ഫടികം പറയുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ചാക്കോ മാഷ് മകനെ കഠിനമായി ശിക്ഷിക്കുന്നതും പിന്നീട് നാടറിയപ്പെടുന്ന റൗഡിയായി മോഹന്‍ലാലിന്റെ കഥാപാത്രം മാറുന്നതുമായ ചിത്രത്തിലെ ഗാനങ്ങളും സംഘട്ടന രംഗങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.
അടുത്തിടെ നടന്ന അവാര്‍ഡ് ചടങ്ങില്‍ മലയാളത്തിലെ ഹിറ്റ് ചിത്രമായ ലോകഃയുടെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട മൂന്ന് ചിത്രങ്ങളുടെ ലിസ്റ്റില്‍ സ്ഫടികം പറഞ്ഞത് ശ്രദ്ധേയമായിരുന്നു.
Content Highlight: Bhadran talks about his evergreen hit movie spadikam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.