ലോകഃയെ തീര്‍ക്കുമെന്ന് പറഞ്ഞു വന്നു, നാലാം ദിനം ബോക്‌സ് ഓഫീസില്‍ വീണ് ഭ ഭ ബ
Malayalam Cinema
ലോകഃയെ തീര്‍ക്കുമെന്ന് പറഞ്ഞു വന്നു, നാലാം ദിനം ബോക്‌സ് ഓഫീസില്‍ വീണ് ഭ ഭ ബ
അമര്‍നാഥ് എം.
Monday, 22nd December 2025, 7:18 am

ദിലീപിന്റെ തിരിച്ചുവരവെന്ന് ആരാധകര്‍ എല്ലാവരും വലിയ കോണ്‍ഫിഡന്‍സില്‍ പറഞ്ഞ ചിത്രമായിരുന്നു ഭ ഭ ബ. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് മുമ്പ് ആരാധകര്‍ക്കിടയില്‍ വന്‍ ഹൈപ്പായിരുന്നു. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ പ്രീ സെയിലായിരുന്നു ഭ ഭ ബയിലേത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലുണ്ടെന്നതും ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തി.

എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു ഭ ഭ ബ. സ്പൂഫ് ഴോണറെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ട ചിത്രം പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു. ആദ്യ വീക്കെന്‍ഡില്‍ തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ വീണെന്നാണ് ട്രാക്കര്‍മാര്‍ നല്‍കുന്ന പുതിയ വിവരം.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയില്‍ ഞായറാഴ്ച ഭ ഭ ബയുടേതായി വിറ്റത് വെറും 68000 ടിക്കറ്റുകള്‍ മാത്രമാണ്. ആദ്യദിനം ഒരു ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ട ചിത്രം നാലാം ദിനമായപ്പോഴേക്ക് ബോക്‌സ് ഓഫീസില്‍ വീണിരിക്കുകയാണ്. റിലീസിന് മുമ്പ് ദിലീപ് ആരാധകര്‍ കൊട്ടിഘോഷിച്ച പല വാദങ്ങളും ഇതോടെ ഇല്ലാതായി.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ ലോകഃയുടെ കളക്ഷന്‍ റെക്കോഡ് വരെ തകര്‍ക്കാന്‍ സാധ്യതയുള്ള ചിത്രമായാണ് ദിലീപ് ആരാധകര്‍ ഭ ഭ ബയെ കണ്ടത്. എന്നാല്‍ ആദ്യ വീക്കെന്‍ഡില്‍ തന്നെ ചിത്രത്തിന് അടിപതറിയിരിക്കുകയാണ്. 50 കോടിയോളം ബജറ്റിലൊരുങ്ങിയ ചിത്രം ആദ്യ നാല് ദിനം കൊണ്ട് 35 കോടിയിലേറെ സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ നിര്‍മാതാവ് സേഫാകണമെങ്കില്‍ 70 കോടിയെങ്കിലും കളക്ഷന്‍ നേടണം. നിലവിലെ സ്ഥിതിയില്‍ ചിത്രം 50 കോടി നേടുമോ എന്ന് പോലും സംശയമാണ്. മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാകാതെ ഫ്‌ളോപ്പായാല്‍ ഗോകുലം മൂവീസ്- ദിലീപ് കോമ്പോയിലെ രണ്ടാമത്തെ ഫ്‌ളോപ്പായി ഭ ഭ ബ മാറും. ഈ കോമ്പോ ആദ്യമായി ഒന്നിച്ച കമ്മാര സംഭവം വന്‍ പരാജയമായിരുന്നു.

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ വെറുതേ വിട്ടതിന് ശേഷം പുറത്തിറങ്ങിയ ചിത്രമാണ് ഭ ഭ ബ. ചിത്രത്തിലെ പല രംഗങ്ങളും ഇതിനോടകം വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതിനെ തമാശയാക്കി കാണിച്ച രംഗമെല്ലാം വലിയ രീതിയില്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. വരുംദിനങ്ങളില്‍ ഭ ഭ ബയുടെ കളക്ഷനില്‍ വലിയ ഇടിവ് ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Bha Bha Ba movie ticket sales dropped in Bookmyshow on fourth day

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം