കഴിഞ്ഞ ദിവസം ഐ.സി.സി വനിതാ ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ കൂറ്റന്‍ വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 107 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍സ് ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ വെറും 114ന് പുറത്തായി.
തോല്‍വി മുമ്പില്‍ കണ്ട നിമിഷത്തില്‍ ഒമ്പതാം വിക്കറ്റില്‍ പിറന്ന സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് തുണയായത്. 76/7 എന്ന നിലയില്‍ നിന്നും 221/9 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനെ കൈപിടിച്ച് നടത്തിയതും ബെത് മൂണിയും അലാന കിങ്ങും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ട് തന്നെയാണ്.
A magnificent Beth Mooney ton inspires Australia to overcome Pakistan in #CWC25 💪
ഇതോടെ ഒരു ചരിത്ര നേട്ടത്തിന്റെ പിറവിക്ക് കൂടി കൊളംബോ സാക്ഷ്യം വഹിച്ചു. അന്താരാഷ്ട്ര വനിതാ ഏകദിനത്തില്‍ ഒമ്പതാം നമ്പറിലോ അതിന് താഴെയോ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോഡാണ് മൂണി – കിങ് സഖ്യം സ്വന്തമാക്കിയത്. ഈ നമ്പറുകളിലെ ആദ്യ സെഞ്ച്വറി കൂട്ടുകെട്ടും ഇതുതന്നെ.
വനിതാ ഏകദിനത്തില്‍ ഒമ്പതാം നമ്പറിലോ അതിന് താഴെയോ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്
(താരങ്ങള്‍ – ടീം – എതിരാളികള്‍ – റണ്‍സ് – വേദി എന്നീ ക്രമത്തില്‍)
ലിന്‍സി ആസ്‌ക്യൂ & ഇസ ഗുഹ – ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് – 73 – ചെന്നൈ
മത്സരത്തില്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച പാകിസ്ഥാന്‍ മത്സരത്തില്‍ ഒരു വേള വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 30 റണ്‍സിനിടെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടപ്പെട്ട ഓസീസിന് 30 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് കൂടി നഷ്ടപ്പെട്ടു. 22 ഓവറിനിടെ സ്‌കോര്‍ 76ലെത്തിയപ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസ് വന്‍ തകര്‍ച്ചയെയാണ് അഭിമുഖീകരിച്ചത്.
നാലാം നമ്പറില്‍ ക്രീസിലെത്തുകയും ഓസീസ് ഇന്നിങ്‌സിന്റെ അവസാന പന്ത് വരെ കളത്തില്‍ തുടരുകയും ചെയ്ത ബെത് മൂണി, 114 പന്ത് നേരിട്ട് 109 റണ്‍സ് നേടിയാണ് മടങ്ങിയത്. 11 ഫോറുകളടങ്ങുന്നതായിരുന്നു മൂണിയുടെ ഇന്നിങ്‌സ്.
49 പന്തില്‍ നിന്നും പുറത്താകാതെ 51 റണ്‍സാണ് അലാന കിങ് സ്വന്തമാക്കിയത്. മൂന്ന് വീതം സിക്‌സറും ഫോറുമാണ് താരം അടിച്ചെടുത്തത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഓസീസ് 221/9 എന്ന നിലയിലെത്തി.
പാകിസ്ഥാനായി നഷ്‌റ സന്ധു മൂന്ന് വിക്കറ്റ് വീഴ്ത്തി. റമീന്‍ ഷമീം ക്യാപ്റ്റന്‍ ഫാത്തിമ സന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ സാദിയ ഇഖ്ബാല്‍, ഡിയാന ബായ്ഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഓസീസ് ബൗളിങ് നിരയ്ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ പാകിസ്ഥാനെ തളച്ച ഓസീസ്, കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി മൊമെന്റം സ്വന്തമാക്കി.
52 പന്തില്‍ 35 റണ്‍സടിച്ച സിദ്ര അമീന് മാത്രമാണ് ചെറുത്തുനില്‍ക്കാനെങ്കിലും സാധിച്ചത്. റമീന്‍ ഷമീം (64 പന്തില്‍ 15), ക്യാപ്റ്റന്‍ ഫാത്തിമ സന (12 പന്തില്‍ 11) എന്നിവരാണ് പാക് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ താരങ്ങള്‍.
ഓസ്‌ട്രേലിയക്കായി കിം ഗാര്‍ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. അന്നബെല്‍ സതര്‍ലാന്‍ഡും മേഗന്‍ ഷട്ടും രണ്ട് വീതം പാക് താരങ്ങളെ പവലിയനിലേക്ക് മടക്കിയപ്പോള്‍ ആഷ്‌ലീ ഗാര്‍ഡ്ണര്‍, അലാന കിങ്, ജോര്‍ജിയ വെര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി പാക് പതനം പൂര്‍ത്തിയാക്കി.
Content Highlight: Beth Mooney and Alana King put on a 106-run partnership for the ninth wicket.