ഫ്രീകിക്ക് എടുക്കുന്നതിന്റെ കാര്യത്തിൽ റൊണാൾഡോ വളരെയധികം പുറകിലാണ്: ഞെട്ടിച്ച് ഇതിഹാസത്തിന്റെ വാക്കുകള്‍
Football
ഫ്രീകിക്ക് എടുക്കുന്നതിന്റെ കാര്യത്തിൽ റൊണാൾഡോ വളരെയധികം പുറകിലാണ്: ഞെട്ടിച്ച് ഇതിഹാസത്തിന്റെ വാക്കുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th May 2024, 1:53 pm

പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫ്രീകിക്ക് എടുക്കാനുള്ള കഴിവുകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഘാനയുടെ ഇതിഹാസതാരമായ ബെര്‍ണാഡ് ഡോങ് ബോര്‍ട്ടെ. മറ്റ് ഇതിഹാസതാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റൊണാള്‍ഡോയുടെ ഫ്രീ കിക്ക് എടുക്കാനുള്ള കഴിവ് കുറവാണെന്നാണ് ഘാന ഇതിഹാസം പറഞ്ഞത്. പള്‍സുമായുള്ള അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ബെര്‍ണാഡ്.

‘ഫുട്‌ബോളില്‍ റൊണാള്‍ഡോ ഫ്രീകിക്ക് എടുക്കുന്ന കാര്യത്തില്‍ വളരെ പിന്നിലാണ്. ഞാന്‍ ഡേവിഡ് ബെക്കാമിന്റെയും ജൂനിഞ്ഞോയുടെയും കാലഘട്ടത്തില്‍ കളിച്ചിട്ടുണ്ട്. അന്നത്തെ കാലത്ത് റൊണാള്‍ഡോ ഒരു കുട്ടിയായിരുന്നു അവന്‍ ഒരു തുടക്കക്കാരന്‍ പോലും ആയിരുന്നില്ല. അതുകൊണ്ടുതന്നെ റോബര്‍ട്ടോ കാര്‍ലോസ്, ജൂനിയോസ് എന്നിവരുമായി എന്നെ നിങ്ങള്‍ താരതമ്യം ചെയ്യുക. റൊണാള്‍ഡോയുടെ കാര്യമല്ല നിങ്ങള്‍ ഇവിടെ പരാമര്‍ശിക്കേണ്ടത്,’ ബെര്‍ണാഡ് ഡോങ് ബോര്‍ട്ടെ പറഞ്ഞു.

റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഇതുവരെ 63 ഫ്രീ കിക്ക് ഗോളുകളാണ് നേടിയിട്ടുള്ളത്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ ഫ്രീ കിക്ക് ഗോളുകള്‍ നേടിയിട്ടുള്ളത്. ലോസ് ബ്ലാങ്കോസിനൊപ്പം 34 തവണയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഫ്രീ കിക്ക് ഗോളുകള്‍ നേടിയത്.

ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 13 ഫ്രീകിക്ക് ഗോളുകളും ഇറ്റാലിയന്‍ വമ്പന്‍മാരായ ജുവന്റസിനൊപ്പം ഒരു ഗോളും താരം നേടിയിട്ടുണ്ട്. തന്റെ ജന്മനാടായ പോര്‍ച്ചുഗല്‍ ടീമിനുവേണ്ടി 11 ഫ്രീ കിക്ക് ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്.

നിലവില്‍ റൊണാള്‍ഡോ കളിക്കുന്നത് സൗദി വമ്പന്‍മാരായ അല്‍ നസറിനു വേണ്ടിയാണ്. സൗദി വമ്പന്മാര്‍ക്ക് വേണ്ടി നാല് ഫ്രീകിക്ക് ഗോളുകളാണ് റൊണാള്‍ഡോ ഇതുവരെ നേടിയിട്ടുള്ളത്.

സൗദി പ്രോ ലീഗില്‍ തന്റെ 39ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തുന്നത്. ഈ സീസണില്‍ 42 ഗോളുകളും 13 അസിസ്റ്റുകളും ആണ് അല്‍ നസര്‍ നായകന്റെ അക്കൗണ്ടിലുള്ളത്.

റൊണാള്‍ഡോയുടെ മുന്നിലുള്ളത് ഇനി യൂറോ കപ്പ് ടൂര്‍ണമെന്റാണ്. ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെയാണ് യൂറോ മാമാങ്കം നടക്കുന്നത്. ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗല്‍ ഇടം നേടിയത്. പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പില്‍ തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, ജോര്‍ജിയ എന്നീ ടീമുകളാണ് ഉള്ളത്. ജൂണ്‍ 19നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം നടക്കുക. റെഡ്ബുള്‍ അറീനയില്‍ നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പറങ്കിപ്പടയുടെ ആദ്യ അങ്കം.

Content Highlight: Bernard Dong Bortey Talks about Cristaino Ronaldo Free Kick Skill