ഇത് ലിയോ ദാസിന്റെ ഫാക്ടറിയല്ലേ? വൈറലായി ബെന്‍സ് സംവിധായകന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി
Indian Cinema
ഇത് ലിയോ ദാസിന്റെ ഫാക്ടറിയല്ലേ? വൈറലായി ബെന്‍സ് സംവിധായകന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th October 2025, 6:29 pm

തമിഴിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സായ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ബെന്‍സ്. ലോകേഷിന്റെ തിരക്കഥയില്‍ ഭാഗ്യരാജ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എല്‍.സി.യുവിലെ ഏത് കഥാപാത്രവുമായാണ് ബെന്‍സിന് ബന്ധമെന്ന ചര്‍ച്ചകള്‍ക്ക് ഉത്തരം ലഭിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ലിയോയുടെ കഥ നടക്കുന്ന അതേ ടൈംലൈനിലാണ് ബെന്‍സിന്റെ കഥയും നടക്കുന്നത്. സംവിധായകന്‍ ഭാഗ്യരാജ് കണ്ണന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ബെന്‍സിന് വേണ്ടിയൊരുക്കിയ സെറ്റിന്റെ ചിത്രത്തോടു കൂടിയാണ് സംവിധായകന്‍ സ്‌റ്റോറി പങ്കുവെച്ചത്. ഈ സെറ്റ് ലിയോയിലെ ദാസ് ആന്‍ഡ് കോ ഫാക്ടറിയുമായി സാമ്യമുള്ളതാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

ലിയോയിലെ കഥയുടെ അതേ ടൈംലൈനില്‍ നടക്കുന്ന കഥയായതിനാല്‍ വിജയ്‌യുടെ സാന്നിധ്യം ബെന്‍സില്‍ ഉണ്ടാകുമോ എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചിത്രത്തില്‍ മഡോണ സെബാസ്റ്റ്യനും ബെന്‍സില്‍ ഉണ്ടെന്നുള്ളത് ഈ സംശയത്തിന് കൂടുതല്‍ ബലം നല്കുന്നു. വരാന്‍ പോകുന്നത് ചെറിയ ഐറ്റമാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

രാഘവ ലോറന്‍സാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാണ് ലോറന്‍സ് ബെന്‍സില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോക്ക് ഉള്‍പ്പെടെ ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ചെന്നൈയിലും ഹൈദരബാദിലുമായി ചിത്രത്തിന്റെ ഷൂട്ട് ദ്രുതഗതിയില്‍ നടക്കുകയാണ്.

മലയാളി താരം നിവിന്‍ പോളിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാള്‍ട്ടര്‍ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ വീഡിയോ സിനിമാലോകത്ത് വലിയ ചര്‍ച്ചയായി മാറി. മാധവനും ബെന്‍സില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മഡോണ സെബാസ്റ്റ്യന് പുറമെ സംയുക്ത മേനോനും ബെന്‍സില്‍ നായികയായി വേഷമിടുന്നു.

സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീതം. ലോകേഷ് കനകരാജിന്റെ ഉടമസ്ഥതയിലുള്ള ജി സ്‌ക്വാഡാണ് ബെന്‍സ് നിര്‍മിക്കുന്നത്. 2026 ജൂണില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെന്‍സിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈതി 2വിന്റെ തിരക്കിലേക്ക് ലോകേഷ് കടക്കും.

Content Highlight: Benz movie director’s Instagram story viral