കുഞ്ഞിക്കായാണെന്ന് പറഞ്ഞിട്ട് ഒരാൾ വന്നു; നജീബിനെ വിളിച്ചു, പ്രതികരണം അതായിരുന്നു: ബെന്യാമിൻ
Entertainment news
കുഞ്ഞിക്കായാണെന്ന് പറഞ്ഞിട്ട് ഒരാൾ വന്നു; നജീബിനെ വിളിച്ചു, പ്രതികരണം അതായിരുന്നു: ബെന്യാമിൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th April 2024, 6:46 pm

മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ ആടുജീവിതം എന്ന പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം തിയേറ്ററുകളില്‍ ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജാണ് നായകൻ. ചിത്രത്തിലെ കുഞ്ഞിക്കയാണെന്ന് പറഞ്ഞ് ഒരാൾ വന്നിരുന്നെന്ന് പറയുകയാണ് ബെന്യാമിൻ.

കുഞ്ഞിക്കയാണെന്ന് പറഞ്ഞൊരാൾ വന്നെന്നും അയാൾ നജീബിനെ വിളിച്ചെന്നും ബെന്യാമിൻ പറയുന്നുണ്ട്. എന്നാൽ നജീബ് അയാളെ അറിയില്ല എന്ന് പറഞ്ഞെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുഞ്ഞിക്കായാണെന്ന് പറഞ്ഞിട്ട് ഒരാൾ വന്നു. നജീബിനെ വിളിച്ചു. നജീബ് അറിയില്ല എന്ന് പറഞ്ഞു. അങ്ങനെ ഒരു സംഭവം ഉണ്ടായി. ഏറ്റവും രസമുള്ള കാര്യം എന്താണെന്ന് വെച്ചാൽ ഞാൻ അദ്ദേഹത്തെ തേടി അവിടെ ചെന്നു എന്നാണ് അയാൾ പറഞ്ഞത്. അദ്ദേഹം എന്നോട് കഥയൊന്നും പറയുന്നില്ല എന്ന് പറഞ്ഞ് വിട്ടു എന്നാണ് പറഞ്ഞത്. ഞാൻ ഒരാളെ തേടി പോയിട്ടില്ല.

രണ്ടാമത് അയാള് പറഞ്ഞു അയാളുടെ കടയിലാണ് പോയത് എന്ന്. ഞാൻ സൗദി എന്ന രാജ്യത്തേക്ക് പോയിട്ടില്ല. നോവൽ എഴുതിയിട്ട് ഇത്രയും വർഷമായിട്ട് സൗദിയിൽ ഒരിക്കൽ പോലും പോയിട്ടില്ല. ഇങ്ങനെ ഒരുപാട് ആൾക്കാർ വന്നുകൊണ്ടിരിക്കും. ഞാനാണെന്ന് ക്ലെയിം ചെയ്തു കൊണ്ടിരിക്കുന്നു. അത് സ്വാഭാവികമാണ്. നമ്മൾ സന്തോഷത്തോടു കൂടി അവഗണിക്കുക, എന്നല്ലാതെ വേറൊന്നുമില്ല,’ ബെന്യാമിൻ പറഞ്ഞു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ബ്ലെസി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ പരിശ്രമമാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിനെ സിനിമാരൂപത്തിലേക്ക് മാറ്റുവാന്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടിരുന്നു. 2018ല്‍ ഷൂട്ട് പലതരം പ്രയാസങ്ങള്‍ നേരിട്ട് 2023ലാണ് തീര്‍ന്നത്.

തിയേറ്ററുകളില്‍ നിന്ന് ഗംഭീര അഭിപ്രായങ്ങളാണ് സിനിമക്ക് ലഭിക്കുന്നത്. ബോക്‌സ് ഓഫീസിലും സിനിമ വലിയ കുതിപ്പാണ് നടത്തുന്നത്. ഒരാഴ്ച പിന്നിടിമ്പോൾ മലയാളത്തിലെ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ കയറിയ ചിത്രമായി ആടുജീവിതം മാറി.

Content Highlight: Benyamin about the fake kunjikka’s entry