ബൈ.. ബൈ.. ലംബോര്‍ഗിനി ഉറൂസ്; ഇനി വേഗ രാജാവ് ബെന്റ്ലി ബെന്റേഗ സ്പീഡ്
Bentley
ബൈ.. ബൈ.. ലംബോര്‍ഗിനി ഉറൂസ്; ഇനി വേഗ രാജാവ് ബെന്റ്ലി ബെന്റേഗ സ്പീഡ്
ന്യൂസ് ഡെസ്‌ക്
Monday, 18th February 2019, 11:32 pm

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്.യു.വി എന്ന പദവിയിലേയ്ക്ക് ബെന്റ്ലി എത്തുന്നു. ലംബോര്‍ഗിനി ഉറൂസിനെ പിന്തള്ളിയാണ് ബെന്റ്ലി ബെന്റേഗ സ്പീഡ്, ലോകത്തിലെ ഏറ്റവും വേഗമേറിയ ആഢംബര എസ്.യു.വിയായത്.

ജനീവ മോട്ടോര്‍ ഷോയിലായിരിക്കും ബെന്റേഗ സ്പീഡ് എസ്.യു.വി തന്റെ അരങ്ങേറ്റം കുറിക്കുക. എസ്.യു.വിയുടെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബെന്റ്ലി ബെന്റേഗ സ്പീഡിന്റെ വേഗത്തിന് കരുത്തു പകരുന്നത് 6.0 ലിറ്റര്‍ ശേഷിയുള്ള പരിഷ്‌ക്കരിച്ച ഇരട്ട ടര്‍ബോ ചാര്‍ജിങ് W12 പെട്രോള്‍ എഞ്ചിനാണ്. ഇത് 626 bhp കരുത്ത് സൃഷ്ടിക്കും. ഈ കരുത്തില്‍ 3.9 സെക്കന്‍ഡുകള്‍ കൊണ്ട് 96 കിലോമീറ്റര്‍ വേഗം പിന്നിടും ബെന്റേഗ എസ്.യു.വി. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ബെന്റേഗയുടെ പരമാവധി വേഗം.

കറുത്ത നിറത്തിലുള്ള ബമ്പര്‍ ഗ്രില്ലുകള്‍, ഇരുണ്ട ഹെഡ് ലാമ്പുകള്‍, 22 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് പുതിയ ബെന്റേഗയുടെ പുറംമോടി വിശേഷങ്ങള്‍. ഡയമണ്ട് ശൈലിയിലുള്ള സീറ്റുകള്‍, ഇലുമിനേറ്റഡ് സ്പീഡ് ട്രെഡ്പ്ലേറ്റ്, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് എന്നിവയാണ് മറ്റ് ഇന്റീരിയര്‍ വിശേഷങ്ങള്‍.

ഈ വര്‍ഷം രണ്ടാം പാദം മുതലായിരിക്കും ബെന്റേഗ സ്പീഡ് വിപണിയിലെത്തുക. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വെ, യുക്രൈന്‍, തുര്‍ക്കി, ഇസ്രയേല്‍, വിയറ്റ്നാം, ചൈന എന്നീ വിപണികളില്‍ ബെന്റേഗ സ്പീഡ് ലഭ്യമാവുകയില്ല.

നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ബെന്റ്ലി ബെന്റേഗ എസ്.യു.വിയുടെ വില നാലു കോടി രൂപയാണെന്നിരിക്കേ സ്പീഡ് വകഭേദത്തിന് കൂടുതല്‍ വിലയാണ് പ്രതീക്ഷിക്കുന്നത്.

ലംബോര്‍ഗിനി ഉറൂസിനെക്കാളും ബെന്റേഗ എസ്.യു.വിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുക റോള്‍സ് റോയിസ് കള്ളിനന്‍ ആയിരിക്കും. എന്നാല്‍ കള്ളിനനെക്കാളും വില കുറവാണെന്നതും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നതും വിപണിയില്‍ ബെന്റ്ലി ബെന്റേഗയ്ക്ക് മുന്‍തൂക്കം നല്‍കും.