ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാന്ത്‌പൊട്ട്. ലാല്‍ ജോസ് ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. രാധാകൃഷ്ണന്‍ എന്ന കഥാപാത്രമായി ദിലീപായിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്.
സ്‌ത്രൈണതയുള്ള ഒരു യുവാവിന്റെ കഥ ആയിരുന്നു ചാന്ത്‌പൊട്ട് പറഞ്ഞത്. എന്നാല്‍ സിനിമ ഇറങ്ങിയ ശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ ആയ ആളുകളെ പലരും ഈ പേരിലായിരുന്നു വിളിച്ചിരുന്നത്.
ഇപ്പോള്‍ അതില്‍ തനിക്ക് വിഷമമുണ്ടെന്നും വേദന തോന്നിയവരോട് താന്‍ ക്ഷമ ചോദിക്കുന്നുവെന്നും പറയുകയാണ് തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലം. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്‌ത്രൈണത ഉള്ളവരെ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയായിരുന്നു സത്യത്തില്‍ ചാന്ത്‌പൊട്ട് എന്ന സിനിമ ഞങ്ങള്‍ ചെയ്തത്. അയാള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്നില്ല. ഡാന്‍സ് പഠിച്ച ചിലര്‍ക്ക് ഈ സ്‌ത്രൈണത ഉണ്ടാകാം. ചലനങ്ങളില്‍ സ്‌ത്രൈണത വരാം.
രാധയുടെ കഥാപാത്രത്തിന് ചെറുപ്പത്തിലേ ഡാന്‍സ് പഠിച്ചത് കൊണ്ടും മുത്തശ്ശി അയാളെ പെണ്‍കുട്ടിയെ പോലെ കണ്ണെഴുതി പൊട്ട് തൊട്ട് വളര്‍ത്തിയത് കൊണ്ടുമാണ് സ്‌ത്രൈണത വന്നത്. ഈ കാരണങ്ങള്‍ കൊണ്ട് അയാള്‍ക്ക് അങ്ങനെ ഒരു ലാസ്യ ഭാവം വരുന്നതാണ്.
അല്ലാതെ അയാള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറല്ല. സ്‌ത്രൈണത അവന്റെ ജീവിതത്തില്‍ ദുരന്തമാകുന്നതാണ് ഈ കഥ. അവന്‍ പുരുഷന്‍ തന്നെയാണ്. അവന് പ്രണയമുണ്ട്, ഒരു കുഞ്ഞ് ജനിക്കുന്നുണ്ട്. തിരിച്ചു വന്നപ്പോഴും അവനില്‍ നിന്നും ഈ സ്‌ത്രൈണത മുഴുവനായും വിട്ടുപോയിട്ടില്ല.
എന്നിട്ടും അവന്‍ കടലിലേക്ക് ഇറങ്ങുന്ന ഇടത്താണ് ഈ സിനിമ അവസാനിക്കുന്നത്. ഞാനും ലാല്‍ ജോസും അതൊരു പോസിറ്റീവ് ആംഗിളിലാണ് ചെയ്തത്. പക്ഷെ സിനിമ ഇറങ്ങിയ ശേഷം ചാന്ത്‌പൊട്ട് എന്ന പേരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ഈ സമൂഹം വിളിച്ചു തുടങ്ങി.
അതാണ് അവരെ വേദനിപ്പിച്ചത്. പക്ഷെ അതിന് മുമ്പ് മോശപ്പെട്ട പേരില്‍ അവരെ പലരും വിളിച്ചിരുന്നു. ആ കൂട്ടത്തില്‍ ഇതുമായി. എങ്ങനെ വിളിച്ചാലും അത് തെറ്റായ കാര്യം തന്നെയാണ്. നമ്മള്‍ പോസിറ്റീവായി കണ്ട കാര്യം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപെടുകയായിരുന്നു.
അന്ന് സത്യത്തില്‍ അതില്‍ വിഷമം തോന്നിയിരുന്നു. സിനിമ ഇറങ്ങി ആദ്യ കാലങ്ങളില്‍ വന്ന കത്തുകള്‍ ‘ഞങ്ങളുടെ ജീവിതം സാറ് മാത്രമാണ് പറഞ്ഞത്’ എന്നൊക്കെ പറഞ്ഞു കൊണ്ടായിരുന്നു. പിന്നീടാണ് ആളുകള്‍ കളിയാക്കുന്നത്. അത് തെറ്റ് തന്നെയാണ്.
അപ്പോഴും, നിഘണ്ടുവില്‍ ഒരുപാട് മോശം പദങ്ങളുണ്ട്. ആ പദങ്ങളെടുത്തിട്ട് ഒരാള്‍ മറ്റൊരാളെ വിളിച്ചാല്‍, അതിന് നിഘണ്ടു എഴുതിയ ആള്‍ എന്ത് പിഴച്ചു? അത് പ്രയോഗിക്കാതിരിക്കാനുള്ള മര്യാദയും സംസ്‌ക്കാരവും ആളുകള്‍ കാണിക്കണ്ടെ.
അവരും നമ്മളെ പോലെ തന്നെയുള്ള ഒരു ജെന്‍ഡറാണ്. പുരുഷനും സ്ത്രീയും എന്ന് പറയുന്നത് പോലെ തന്നെയാണ്. സിനിമ വന്ന ശേഷം ആളുകള്‍ സിനിമയുടെ പേരില്‍ അവരെ വിളിക്കാന്‍ തുടങ്ങിയതോടെ വിഷമം തോന്നി, കുറ്റബോധവും തോന്നി.
നമ്മുടെ കയ്യില്‍ നിന്ന് പോയതാണ്. പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ വിഷമം കണ്ടിട്ടാണ് ഞാന്‍ ആ കഥ എഴുതുന്നത്. അവന്‍ കളിയാക്കലുകള്‍ പേടിച്ച് മനോരോഗി ആയി മാറുകയായിരുന്നു. അവനെ കളിയാക്കാന്‍ വേണ്ടി ഞാന്‍ എഴുതുമെന്ന് തോന്നുന്നുണ്ടോ?
അവസാനം വൃത്തികെട്ട കുറേ ആളുകള്‍ ചേര്‍ന്ന് അവരെ കളിയാക്കാന്‍ ആ പേര് ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. എനിക്ക് ഇപ്പോള്‍ അങ്ങനെ സംഭവിച്ചതില്‍ വിഷമമുണ്ട്. വേദന തോന്നിയവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. അത്രയേ എനിക്ക് പറ്റുള്ളൂ,’ ബെന്നി പി. നായരമ്പലം പറയുന്നു.
Content Highlight: Benny P Nayarambalam Apologize To Those Who Were Hurt By The Movie Chanthpottu