ഈജിപ്ത് ഉച്ചകോടിയില്‍ പങ്കെടുക്കില്ല; ഗസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചയില്‍ നിന്നും പിന്മാറി നെതന്യാഹു
World
ഈജിപ്ത് ഉച്ചകോടിയില്‍ പങ്കെടുക്കില്ല; ഗസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചയില്‍ നിന്നും പിന്മാറി നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2025, 5:58 pm

ടെല്‍ അവീവ്: ഈജിപ്തില്‍ നടക്കുന്ന ലോകനേതാക്കളുടെ ഉച്ചകോടിയായ ഷാം എല്‍-ഷെയ്ഖില്‍ പങ്കെടുക്കില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ജൂതരുടെ അവധി ആഘോഷത്തിന്റെ തുടക്കമായതിനാല്‍ പങ്കെടുക്കാനാകില്ലെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നേരത്തെ ഈജിപ്ത് പ്രസിഡന്റിന്റെ വക്താവ് നെതന്യാഹു പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണമനുസരിച്ച് 20ഓളം ലോകരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാരാണ് ഈജിപ്തിലെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷം ഗസയില്‍ സമാധാനം പുനസ്ഥാപിക്കാനായാണ് തിങ്കളാഴ്ച ഉച്ചകോടി ചേരുന്നത്.

ട്രംപിന്റെ സമാധാന പദ്ധതി ഇസ്രഈലും ഭാഗികമായി ഹമാസും അംഗീകരിച്ചതോടെ വെള്ളിയാഴ്ച മുതല്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഇസ്രഈലിന്റെ 20 ബന്ദികളെ ഹമാസ് തിങ്കളാഴ്ച മോചിപ്പിച്ചിരുന്നു. ‘മിഡില്‍ ഈസ്റ്റിലെ ചരിത്രപരമായ പുത്തനുദയം’ എന്നാണ് വെടി നിര്‍ത്തലിനെ ട്രംപ് വിശേഷിപ്പിച്ചത്.

ടെല്‍ അവീവിലെ ഹോസ്‌റ്റേജ് സ്‌ക്വയര്‍ എന്നറിയപ്പെടുന്ന ചത്വരത്തില്‍ ഒത്തുകൂടിയാണ് ആയിരക്കണക്കിന് ഇസ്രഈലികള്‍ ബന്ദികളെ വരവേറ്റതും മോചനം ആഘോഷമാക്കിയതുമെന്ന് ഐ.ഡി.എഫ് പറഞ്ഞു. ബന്ദികളെ സുരക്ഷിതരായി സ്വീകരിച്ചെന്നും ഇസ്രഈല്‍ സൈന്യം അറിയിച്ചു.

ഇസ്രഈലി ജയിലില്‍ നിന്നുള്ള ഫലസ്തീനികളായ തടവുകാരെ വഹിച്ചുകൊണ്ടുള്ള ബസുകള്‍ ഗസയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് വര്‍ഷത്തിനിടെ 67,000 പേരാണ് ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗസ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശവും വ്യോമ-കരയാക്രമണത്തിലൂടെ ഇസ്രഈല്‍ തകര്‍ത്തനിലയിലാണ്.

അതേസമയം, ഇസ്രഈലിന്റെ ഭീഷണിയെ തുടര്‍ന്ന് കൂട്ടപ്പലായനം ചെയ്ത രണ്ട് ലക്ഷത്തോളം ഫലസ്തീനികള്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഗസയിലേക്കുള്ള മടക്കയാത്രയിലാണ്.

Content Highlight: Benjamin Netanyahu will not attend Egypt summit