'എല്‍.ജി.ബി.ടി.ക്യു വിഭാഗക്കാര്‍ കുടുംബങ്ങള്‍ക്ക് ഭീഷണിയെന്ന് പറഞ്ഞ നേതാവിന് മന്ത്രിസ്ഥാനം'; തീവ്ര വലതുപക്ഷ നയം ഊട്ടിയുറപ്പിച്ച് നെതന്യാഹു
World News
'എല്‍.ജി.ബി.ടി.ക്യു വിഭാഗക്കാര്‍ കുടുംബങ്ങള്‍ക്ക് ഭീഷണിയെന്ന് പറഞ്ഞ നേതാവിന് മന്ത്രിസ്ഥാനം'; തീവ്ര വലതുപക്ഷ നയം ഊട്ടിയുറപ്പിച്ച് നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th November 2022, 8:46 am

ടെല്‍ അവീവ്: ഇസ്രഈലില്‍ എല്‍.ജി.ബി.ടി.ക്യു വിരുദ്ധ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ട് നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി (Likud patry).

ഹോമോഫോബിക്കും തീവ്ര വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്നതുമായ നോം പാര്‍ട്ടിയുമായാണ് (Noam Party) നെതന്യാഹു സഖ്യ കരാറില്‍ ഏര്‍പ്പെട്ടത്. തീവ്ര മത-ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന നോം പാര്‍ട്ടിയുടെ തലവന്‍ അവി മാവൊസിനെ (Avi Maoz) കരാര്‍ പ്രകാരം നെതന്യാഹു സര്‍ക്കാരില്‍ ഡെപ്യൂട്ടി മന്ത്രിയായി നിയമിക്കുമെന്നും വാഗ്ദാനമുണ്ട്.

തീര്‍ത്തും യാഥാസ്ഥിതികമായ, പരസ്യമായി അറബ് വിരുദ്ധ, എല്‍.ജി.ബി.ടി.ക്യു വിരുദ്ധ, നയങ്ങള്‍ രൂപീകരിക്കുന്നതിന് ‘പേരുകേട്ട’ പാര്‍ട്ടിയാണ് നോം. ഇസ്രഈലില്‍ ജൂത മതനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് വാദിക്കുന്നയാളാണ് അവി മാവൊസ്.

എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തില്‍ പെട്ടവര്‍ കുടുംബങ്ങള്‍ക്ക് ഭീഷണിയാണെന്ന മാവൊസിന്റെ പരാമര്‍ശം നേരത്തെ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സ്വവര്‍ഗാനുരാഗികളുടെ പ്രൈഡ് പരേഡുകള്‍ റദ്ദാക്കണമെന്നും അവി മാവൊസ് പ്രതികരിച്ചിരുന്നു.

‘ഇസ്രഈല്‍ നോര്‍മല്‍ ആകാനാണ് ആഗ്രഹിക്കുന്നത്’ (‘Israel chooses to be normal) എന്ന് 2019ല്‍ മാവൊസിന്റെ നോം പാര്‍ട്ടി പോസ്റ്റര്‍ പ്രചരണം നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, ഒരു സ്ത്രീയുടെ ഏറ്റവും വലിയ സംഭാവന വേണ്ടത് വിവാഹത്തിലും കുടുംബത്തെ വളര്‍ത്തുന്നതിലുമാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ തന്റെ തീവ്ര വലതുപക്ഷ നയങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നെതന്യാഹുവിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ഭരണത്തിലേറുന്നതിന് മുന്നോടിയായി തീവ്ര ദേശീയ- വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടികളുമായാണ് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി സഖ്യത്തിലേര്‍പ്പെടുന്നത്.

ഇത്തരം പാര്‍ട്ടികള്‍ക്ക് സര്‍ക്കാരില്‍ ഉന്നത അധികാരങ്ങളും നെതന്യാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. നെതന്യാഹുവിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറാനിരിക്കുന്ന സഖ്യസര്‍ക്കാരിന്റെ കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളടക്കം വലിയ ആശങ്കയും പങ്കുവെക്കുന്നുണ്ട്.

നെതന്യാഹുവിന്റെ പുതിയ നീക്കത്തെ ‘ഭ്രാന്തമായത്’ എന്നാണ് സ്ഥാനമൊഴിയാനിരിക്കുന്ന പ്രധാനമന്ത്രി യായ്ര്‍ ലാപിഡ് വിശേഷിപ്പിച്ചത്. ഇസ്രഈലില്‍ വരാനിരിക്കുന്ന ‘വലതുപക്ഷ- ഫാസിസ്റ്റ് കൂട്ടുകെട്ടി’ന്റെ അപകടങ്ങളെ കുറിച്ച് ഫലസ്തീന്‍ നേതാക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ യയ്ര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സെന്റര്‍- ലെഫ്റ്റ് സഖ്യത്തെ മറികടന്ന് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു.

ഇതേത്തുടര്‍ന്നാണ് സഖ്യസര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളിലേക്ക് നെതന്യാഹു കടന്നത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇസ്രഈലില്‍ നടന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെയായിരുന്നു രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലെത്തിയത്. ബെന്നറ്റ് രാജി വെച്ചതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രിയായിരുന്ന യായ്ര്‍ ലാപിഡായിരുന്നു ഇടക്കാല പ്രധാനമന്ത്രിയായത്.

ബെന്നറ്റിന്റെ രാജിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കും നെതന്യാഹുവിന് തിരിച്ചുവരാനുള്ള അവസരമായിരിക്കും ഇതെന്ന തരത്തില്‍ വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു.

വലതുപക്ഷ ജൂത പാര്‍ട്ടി മുതല്‍ അറബ് മുസ്‌ലിം പാര്‍ട്ടി വരെയുള്ള നിരവധി പാര്‍ട്ടികളുടെ സഖ്യസര്‍ക്കാരായിരുന്നു ബെന്നറ്റിന്റെ നേതൃത്വത്തില്‍ ഇസ്രഈല്‍ ഭരിച്ചിരുന്നത്. എന്നാല്‍ 2021 ജൂണില്‍ അധികാരത്തിലേറിയ ബെന്നറ്റ് ഒരു വര്‍ഷത്തിനിപ്പുറം 2022 അവസാനത്തോടെ സ്ഥാനമൊഴിയുകയായിരുന്നു.

സഖ്യസര്‍ക്കാരില്‍ നിന്നും തുടര്‍ച്ചയായി ജനപ്രതിനിധികള്‍ രാജിവെക്കുകയും പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയായിരുന്നു ബെന്നറ്റ് ഇസ്രഈല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

Content Highlight: Benjamin Netanyahu signs Israel coalition deal with anti-LGBT Noam party