ബെംഗളൂരു: ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്ക്ക് എതിരായ ആക്രമണശ്രമത്തില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി ബെംഗളൂരു പൊലീസ്.
ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയില്‍ വെച്ച് ഷൂ എറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ച രാകേഷ് കിഷോറെന്ന അഭിഭാഷകനെതിരെയാണ് ബംഗളൂരുവിലെ വിധാന സൗധ പൊലീസ് സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിത പ്രകാരം പൊതു ഉദ്യോഗസ്ഥനെ ക്രിമിനല്‍ ബലപ്രയോഗം നടത്തിയും ഉപദ്രവിച്ചും ഡ്യൂട്ടിക്ക് തടസം സൃഷ്ടിച്ചതിനും അപമാനിച്ചതിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പിന്നാലെ തന്നെ വിധാന സൗധ പൊലീസ് കേസ് ദല്‍ഹിയിലെ തിലക് മാര്‍ഗ് പൊലീസിന് കൈമാറി. അധികാര പരിധിയെ സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് കേസ് കൈമാറിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കുറ്റകൃത്യം എവിടെ വെച്ചാണ് നടന്നതെന്ന് കണക്കാക്കാതെ ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറാണ് സീറോ എഫ്.ഐ.ആര്‍. പിന്നീട് കേസ് നടത്തിപ്പിനായി കുറ്റകൃത്യം നടന്ന പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് ഈ കേസ് മാറ്റുന്നതാണ് പതിവ്.
തിങ്കളാഴ്ചയാണ് സുപ്രീംകോടതിയില്‍ വെച്ച് ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് നേരെ ഷൂ ഏറുണ്ടായത്. സനാതന ധര്‍മത്തെ അപമാനിച്ചെന്ന് വിളിച്ചു പറഞ്ഞ് അഭിഭാഷകനായ രാകേഷ് കിഷോറാണ് ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഊരി എറിഞ്ഞത്.
സംഭവത്തിന് പിന്നാലെ കോടതിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പുറത്താക്കിയിരുന്നു. അതേസയം, ഉയര്‍ന്ന ഭരണഘടനാസ്ഥാനത്ത് ഇരിക്കുന്ന ഗവായ് ആ സ്ഥാനത്തിന്റെ മൂല്യം മനസിലാക്കണമെന്നും അന്തസ് ഉയര്‍ത്തിപ്പിടിക്കണമെന്നും രാകേഷ് കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, രാകേഷ് കിഷോറിനെതിരെ കേസെടുക്കേണ്ടെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് കൈക്കൊണ്ടത്. തന്റെ ശ്രദ്ധ തിരിക്കാന്‍ ഇതുകൊണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.