ബെംഗളൂരു: അക്രമാസക്തരാകാതിരിക്കാന്‍ തെരുവുനായകള്‍ക്ക് 2.88 കോടിയുടെ പദ്ധതിയുമായി ബെംഗളൂരു കോര്‍പറേഷന്‍. തെരുവുനായകള്‍ക്ക് ദിവസവും ചോറും ചിക്കനും നല്‍കാനാണ് കോര്‍പറേഷന്റെ തീരുമാനം. 5000 തെരുവുനായകളെ ലക്ഷ്യമിട്ടാണ് പദ്ധതി.
ബ്രുഹത് ബെംഗളൂരു മഹാനഗര പാലിഗെയുടേതാണ് ഈ നിര്‍ണായകമായ നീക്കം. ഒരു നായക്ക് 22 രൂപ വീതം ചെലവഴിക്കാനാണ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു നായക്ക് 367 ഗ്രാം ചിക്കന്‍ റൈസാണ് ദിവസവും നല്‍കുക.
‘കുക്കിര്‍ തിഹാര്‍’ എന്ന പേരിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പൊതുജന പങ്കാളിത്തത്തോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് കോര്‍പറേഷന്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആര്‍.ആര്‍ നഗര്‍, ദാസറഹള്ളി, ബൊമ്മനഹള്ളി, യെലഹങ്ക, മഹാദേവപുര തുടങ്ങിയ സോണുകളില്‍ 500 നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി രജിസ്റ്റര്‍ ചെയ്ത ദാതാക്കളില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ പദ്ധതിയില്‍ പങ്കാളികളാകന്‍ സാധിക്കുകയുള്ളു. ഒരു വര്‍ഷം കണക്കിലെടുത്തായിരിക്കും കരാറില്‍ ഒപ്പിടുക. സേവനത്തിന്റെ മികവ് അനുസരിച്ച് കരാര്‍ നീട്ടുകയും ചെയ്യും.
കരാറിലെത്തുന്നവര്‍ പാചകത്തിനുള്ള അടുക്കള, ഇലക്ട്രിസിറ്റി, വെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്വന്തം ചെലവില്‍ തയ്യാറാക്കണം. ഫീഡിങ് പോയിന്റുകളില്‍ ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം ബെംഗളൂരു കോര്‍പറേഷന്റെ നീക്കത്തെ വിമര്‍ശിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് എം.പി കാര്‍ത്തിക് പി. ചിദംബരം രംഗത്തെത്തി. തെരുവുനായകള്‍ക്ക് തെരുവുകളില്‍ ഭക്ഷണം നല്‍കുന്നതിന് പിന്നിലെ യുക്തി എന്താണെന്ന് കാര്‍ത്തിക് ചിദംബരം ചോദിച്ചു.
ഇന്ത്യയില്‍ 6.2 കോടിയിലധികം തെരുവുനായകള്‍ ഉണ്ടെന്നും ഇത് ലോകത്തില്‍ തന്നെ ഏറ്റവും വലിയ സംഖ്യയാണെന്നും കോണ്‍ഗ്രസ് എം.പി ചൂണ്ടിക്കാട്ടി.
തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനായി ഷെല്‍ട്ടര്‍ ഹൗസുകളും ദീര്‍ഘകാല പദ്ധതിയുമാണ് ആവശ്യമെന്നും കാര്‍ത്തിക് ചിദംബരം പറഞ്ഞു. ഇതേ വിഷയങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാര്‍ത്തിക് ചിദംബരം കൂടിക്കാഴ്ച നടത്തിയിരുന്നു.