കനത്ത മഴ: ബെംഗളൂരു നഗരത്തില്‍ വെള്ളപ്പൊക്കം, ഗതാഗതക്കുരുക്ക്; റോഡില്‍ ബോട്ടുകള്‍
national news
കനത്ത മഴ: ബെംഗളൂരു നഗരത്തില്‍ വെള്ളപ്പൊക്കം, ഗതാഗതക്കുരുക്ക്; റോഡില്‍ ബോട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th September 2022, 3:46 pm

ബെംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ മഴയില്‍ റോഡുകളില്‍ വെളളക്കെട്ടുണ്ടായതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഈയാഴ്ചയില്‍ രണ്ടാം തവണയാണ് നഗരം മഴക്കെടുതിയില്‍ വലയുന്നത്.
റോഡെല്ലാം പുഴ പോലെയായതോടെ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഇറക്കിയിരിക്കുകയാണ്.

എക്കോസ്പേസ്, ബെല്ലന്തൂര്‍, സര്‍ജാപുര്‍ , വൈറ്റ്ഫീല്‍ഡ്, ഔട്ടര്‍ റിംഗ് റോഡ്, ബി.ഇ.എം.എല്‍ ലേഔട്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ കെട്ടിടങ്ങളുടെ താഴ്ഭാഗത്തും വീടുകളിലും വെള്ളക്കെട്ടുണ്ടായി. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ റോഡുകളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്‌കൂളിലേക്ക് വിടരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു വരികയാണ്.

ഗോള്‍ഡ്മാന്‍ സാക്‌സ്, സ്വിഗ്ഗി തുടങ്ങിയ കമ്പനികള്‍ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറാന്‍ നിര്‍ദേശിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയും സമാന അവസ്ഥയിലായിരുന്നു ബെംഗളൂരൂ. മരങ്ങള്‍ കടപുഴകി വീണും മറ്റും അപകടങ്ങളുമുണ്ടായി.

കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ അവസ്ഥയായിരുന്നു ബെംഗളൂരുവിലുണ്ടായിരുന്നത്. ബെല്ലന്തൂരിനടുത്തുള്ള ഇക്കോസ്പേസില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡില്‍ കിടക്കുന്ന വാഹനങ്ങളടക്കം മുങ്ങുന്ന സ്ഥിതിയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. അപകട സാധ്യത കണക്കിലെടുത്തുകൊണ്ട് അധികൃതര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, നഗരം വെള്ളത്തിലായതോടെ ഐ.ടി കമ്പനികള്‍ക്ക് വന്‍ നഷ്ടമാണ് സംഭവിച്ചതെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. കഴിഞ്ഞ ദിവസം ഔട്ടര്‍ റിങ് റോഡില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 225 കോടി നഷ്ടമാണ് ഐ.ടി കമ്പനികളും, ബാങ്കുകളും കണക്കാക്കുന്നത്. വൈദ്യുതി, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടസ്സപ്പെട്ടതും, ജീവനക്കാര്‍ക്ക് ഓഫീസില്‍ എത്താന്‍ കഴിയാത്തതുമാണ് നഷ്ടത്തിന്റെ കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

ഔട്ടര്‍ റിങ് റോഡിലെ നിരന്തര ഗതാഗതക്കുരുക്കും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും സ്ഥാപനങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒ.ആര്‍.ആര്‍. കമ്പനീസ് അസോസിയേഷന്‍ (ഒ.ആര്‍.ആര്‍.സി.എ.) മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഔട്ടര്‍ റിങ് റോഡിലെ ഐ.ടി. കമ്പനികളുടെയും ബാങ്കിങ് സ്ഥാപനങ്ങളുടെയും സംഘടനയാണ് ഒ.ആര്‍.ആര്‍.സി.എ.

 

Content Highlight: Bengaluru City Flooded after Rain, Waterlogging Brings Traffic Snarls & Boats on Streets