മൂന്ന് പേജുള്ള കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ ജനങ്ങളുടെ ജനാധിപത്യപരവും മൗലികവുമായ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും മമത ആരോപിച്ചു.
സംസ്ഥാനത്തെ ഏകദേശം 60 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇപ്പോഴും എസ്.ഐ.ആര്‍ പ്രക്രിയയിലാണെന്നും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍മാരെ വേട്ടയാടുന്നതിനാണ് എസ്.ഐ.ആര്‍ ഉപയോഗിച്ചതെന്നും ഇത് സംബന്ധിച്ച ആശങ്കയും സമ്മര്‍ദവും കാരണം ഏകദേശം 200 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും മമത പറഞ്ഞു.
വിദേശികളെയും പുറത്ത് നിന്നുള്ളവരെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും മഹാരാഷ്ട്രയിലും ദല്‍ഹിയിലും കളിച്ച അതേ വൃത്തികെട്ട കളിയാണ് ബംഗാളിലും കളിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടു.
‘ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളുടെ ജനാധിപത്യപരവും മൗലികവുമായ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. ഒരു ഭരണഘടനാ അധികാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരമല്ല ഇത്,’ അവര്‍ പറഞ്ഞു.
പകല്‍വെളിച്ചത്തില്‍ ജനാധിപത്യം മോഷ്ടിക്കപ്പെടാന്‍ ബംഗാള്‍ അനുവദിക്കില്ലെന്നും ബംഗാളിലെ ജനങ്ങള്‍ ഇതെല്ലാം കണ്ട് കൊണ്ടിരിക്കുകയാണെന്നും മമത തന്റെ കത്തില്‍ പറഞ്ഞു.
294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.
Content Highlight: Bengal will not allow democracy to be stolen in broad daylight; Mamata writes to Election Commissioner
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.