ബംഗാളിലും കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ നിന്നും മുട്ട പുറത്തേക്ക്; വെജിറ്റേറിയനിസം അടിച്ചേല്‍പിക്കുന്നുവെന്ന് ടി.എം.സി
national news
ബംഗാളിലും കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ നിന്നും മുട്ട പുറത്തേക്ക്; വെജിറ്റേറിയനിസം അടിച്ചേല്‍പിക്കുന്നുവെന്ന് ടി.എം.സി
ആദര്‍ശ് എം.കെ.
Friday, 26th June 2026, 11:44 am

ന്യൂദല്‍ഹി: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മുട്ട ഒഴിവാക്കാനുള്ള നീക്കങ്ങള്‍ രാജ്യത്ത് വലിയ ചര്‍ച്ചയാകുന്നു. പശ്ചിമ ബംഗാളിലെ പുതിയ ബി.ജെ.പി സര്‍ക്കാര്‍ കൊല്‍ക്കത്തയിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള ചുമതല ഇസ്‌കോണിനെ (ISKCON) ഏല്‍പ്പിച്ചതോടെ, ഭക്ഷണ മെനുവില്‍ നിന്ന് മുട്ടകള്‍ ഒഴിവാക്കപ്പെട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ ബി.ജെ.പി ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത. നിലവില്‍ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ അസം, ഒഡീഷ, ഉത്തരാഖണ്ഡ്, ബീഹാര്‍, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് മുട്ട വിതരണത്തിന് സര്‍ക്കാര്‍ പിന്തുണയുള്ളത്.

എന്നാല്‍ മഹാരാഷ്ട്രയില്‍ 2025 മുതല്‍ മുട്ടയ്ക്കുള്ള ഫണ്ട് സര്‍ക്കാര്‍ നിര്‍ത്തലാക്കുകയും, സ്‌കൂളുകള്‍ സ്വന്തം നിലയ്ക്ക് വിഭവങ്ങള്‍ കണ്ടെത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങി ഭൂരിഭാഗം ബി.ജെ.പി സംസ്ഥാനങ്ങളിലും ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുന്നില്ല.

അതേസമയം, കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന തുടങ്ങിയ ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ മുട്ടയെ രാഷ്ട്രീയ വിഷയമായല്ല, മറിച്ച് കുട്ടികളുടെ ആരോഗ്യത്തിനും പോഷണത്തിനുമായുള്ള പ്രധാന ഇടപെടലായാണ് കാണുന്നത്.

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉച്ചഭക്ഷണ ചുമതല ഇസ്‌കോണിന് കൈമാറുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ശക്തമായി രംഗത്തെത്തി.

തെരഞ്ഞെടുപ്പ് കാലത്തെ ‘മത്സ്യഭക്ഷണ തമാശകള്‍ക്ക്’ ശേഷം ബി.ജെ.പി സംസ്ഥാനത്ത് ‘വെജിറ്റേറിയനിസം’ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും, കുട്ടികള്‍ക്ക് ലഭിക്കേണ്ട പോഷകാഹാരം നിഷേധിക്കുകയാണെന്നും ടി.എം.സി നേതാവ് ഡെറിക് ഒബ്രിയന്‍ ആരോപിച്ചു. നിലവില്‍ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയിട്ടുള്ള 14 സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍.

ഉത്തരേന്ത്യയില്‍ മുട്ട വിതരണം രാഷ്ട്രീയവും സാമൂഹികവുമായ ചര്‍ച്ചയാകുമ്പോള്‍ ദക്ഷിണേന്ത്യയില്‍ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും വിദ്യാര്‍ത്ഥികള്‍ക്കുള്ള മുട്ട വിതരണം തടസ്സമില്ലാതെ തുടരുന്നു. ബി.ജെ.പി അധികാരത്തിലിരുന്ന സമയത്തും ചില എതിര്‍പ്പുകള്‍ അവഗണിച്ച് കര്‍ണാടകയില്‍ മുട്ട വിതരണം തുടര്‍ന്നിരുന്നു.

ആന്ധ്രാപ്രദേശില്‍ ഇസ്‌കോണ്‍ ആണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നതെങ്കിലും സ്‌കൂളുകളില്‍ മുട്ട വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മതപരമായ കാരണങ്ങളാല്‍ മുട്ട ഒഴിവാക്കാന്‍ ഇസ്‌കോണ്‍ പോലുള്ള സംഘടനകളെ ആന്ധ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ ഒന്നാണ് മുട്ട. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ (എന്‍.ഐ.എന്‍) കണക്കനുസരിച്ച്, മുട്ടയിലെ പ്രോട്ടീന്റെ ജൈവലഭ്യത (bioavailability) 94% ആണ്. ഇത് സസ്യാഹാരങ്ങളായ സോയാബീന്‍ (54%), കടല (76%) എന്നിവയേക്കാള്‍ വളരെ കൂടുതലാണ്.

വിറ്റാമിന്‍ സി ഒഴികെ മിക്കവാറും എല്ലാ വിറ്റാമിനുകളും അടങ്ങിയ മുട്ടയെ ഒരു ‘സൂപ്പര്‍ ഫുഡ്’ ആയാണ് ആരോഗ്യ വിദഗ്ധര്‍ കാണുന്നത്.

ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് ശാസ്ത്രീയമായ ഗുണങ്ങളേക്കാളുപരി രാഷ്ട്രീയവും മതപരവുമായ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് പല സംസ്ഥാനങ്ങളിലും തീരുമാനിക്കപ്പെടുന്നത്.

 

Content highlight: Bengal to remove eggs from mid-day meal scheme: Report

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.