അവശനായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ബംഗാള്‍ ഗവര്‍ണര്‍; വിമര്‍ശനവുമായി സി.പി.ഐ.എം
national news
അവശനായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ബംഗാള്‍ ഗവര്‍ണര്‍; വിമര്‍ശനവുമായി സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 12:09 pm

കൊല്‍ക്കത്ത: അവശനിലയിലായ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ബംഗാള്‍ മുന്‍മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം. ചിത്രം പോസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നും സി.പി.ഐ.എം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു.

ജഗ്ദീപ് ധന്‍കറും ഭാര്യയും കഴിഞ്ഞ ദിവസം ബുദ്ധദേബ് ഭട്ടാചാര്യയുടെ വീട് സന്ദര്‍ശിച്ചിരുന്നു. അഷ്ടമി ദിനാശംസയും പൂര്‍ണാരോഗ്യവും നേരാനായാണ് വീട് സന്ദര്‍ശിച്ചതെന്നായിരുന്നു ബുദ്ധദേബിന്റെ ഫോട്ടോ പങ്ക് വെച്ചുകൊണ്ട് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.

‘ഭാര്യ സുദേശ് ധന്‍കറിനൊപ്പം മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെയും അദ്ദേഹത്തിന്റെ ഭാര്യ മീരയെയും കണ്ടു. അഷ്ടമി ആശംസിക്കുന്നതിനോടൊപ്പം പൂര്‍ണാരോഗ്യവും നേര്‍ന്നു,’ ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

കമ്മ്യൂണസ്റ്റുകളെ മാത്രമല്ല, പൊതുവിലുള്ള ജനങ്ങളെ വേദനിപ്പിക്കുന്നതാണ് ഈ ചിത്രങ്ങളെന്നാണ് സി.പി.ഐ.എം പറഞ്ഞത്.

‘അര്‍പ്പണ ബോധത്തോടെ സംസ്ഥാനത്തെ സേവിച്ച അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ് സഖാവ് ഭട്ടാചാര്യ. എന്നാല്‍ അത്യന്തം അവശനിലയിലായിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രമെടുക്കുകയും അവ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തത് ലോകമെമ്പാടുമുള്ള സി.പി.ഐ.എം അനുഭാവികളുടെ മാത്രമല്ല, പൊതുവെ വലിയ ആളുകളുടെയും വികാരത്തെ വല്ലാതെ വേദനിപ്പിച്ചു. ഈ ചിത്രങ്ങള്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും,’ ബംഗാള്‍ സി.പി.ഐ.എം ട്വീറ്റ് ചെയ്തു.

ഗവര്‍ണറുടെ പോസ്റ്റിനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ബുദ്ധദേബിന്റെ ചിത്രങ്ങള്‍ ഗവര്‍ണറുടെ അക്കൗണ്ടില്‍ നിന്നും ഇതുവരെയും നീക്കം ചെയ്തിട്ടില്ല.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bengal Governor shares ailing images of Budhadeb Bhattacharya on social media