കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ സുകാന്ത മജുംദാറിന്റെ ഭാര്യയുടെ പേര് വോട്ടര്‍ പട്ടികയില്‍ രണ്ടിടത്ത് ഉള്‍പ്പെടുത്തിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ബലുര്‍ഘട്ട് എം.പി കൂടിയായ സുകാന്ത മജുംദാറിന്റൈ പങ്കാളിയായ കോയല്‍ ചൗധരിയുടെ പേരാണ് രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിലെ വോട്ടര്‍ പട്ടികയിലുള്ളത്.
എന്നാല്‍ ഒരു വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ തന്റെ ഭാര്യ ഇതിനകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് നീക്കം ചെയ്തിട്ടില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും മജുംദാര്‍ പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ ഭാര്യ അവരുടെ വോട്ടര്‍ രജിസ്‌ട്രേഷന്‍ ജല്‍പൈഗുരിയില്‍ നിന്ന് ബലുര്‍ഘട്ടിലേക്ക് മാറ്റിയതായി ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു. ശരിയായ രീതിയില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടും ജല്‍പൈഗുരി വോട്ടര്‍ പട്ടികയില്‍ നിന്ന് അവരുടെ പേര് നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മജുംദാറിന്റെ പങ്കാളിയുടെ പേര് രണ്ടിടങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒന്ന് ജല്‍പൈഗുരിയിലെ അവരുടെ വീട്ടിലും മറ്റൊന്ന് മംജുദാറിന്റെ മണ്ഡലമായ ബലുര്‍ഘട്ടിലുമാണ്.
ജല്‍പൈഗുരിയിലെ പട്ടികയില്‍ സുകാന്തിന്റെ പങ്കാളിയുടെ പേര് കോയല്‍ ചൗധരി എന്നാണ്. എന്നാല്‍ ബലുര്‍ഘട്ടിലെ പട്ടികയിലാകട്ടെ കോയല്‍ മജുംദാര്‍ എന്നാണ് പേര്.
വ്യാജ വോട്ടര്‍മാരും ഇരട്ട വോട്ടര്‍മാരും ഉള്‍പ്പെട്ടതിനാല്‍ വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുകാന്ത് മംജുദാര്‍ എപ്പോളും വലിയ വലിയ കാര്യങ്ങള്‍ പറയുന്ന ആളാണെന്നും എന്നാല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ മുമ്പത്തെ വിലാസം മാറ്റിയതിന് ശേഷം മാത്രമെ പുതിയതിന് അപേക്ഷിക്കാവൂ എന്ന കാര്യം എന്തുകൊണ്ട് അദ്ദേഹത്തിന് അറിയില്ലെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ചോദിച്ചു.
എന്നാല്‍ ജല്‍പൈഗുരിയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ ഭാര്യയുടെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അത് ചെയ്യാത്തത് ഭരണകൂടമാണെന്നും അതിനാല്‍ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ജില്ല ഭരണകൂടത്തിനാണെന്നുമാണ് ബി.ജെ.പി അധ്യക്ഷന്റെ വാദം.
‘ഇത്തരമൊരു വിവാദം പൊട്ടിപ്പുറപ്പെടുമെന്നും, ഇല്ലാത്ത ഒരു കാര്യം രാഷ്ട്രീയ വിഷയമാക്കുമെന്നും എനിക്കറിയാമായിരുന്നു. എന്റെ ഭാര്യ ബി.ഡി.ഒ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്,’ സുകാന്ത് മജുംദാര്‍ പറഞ്ഞു.
Content Highlight: Bengal BJP president Sukanta Majumdar’s wife named in two voter lists; complaint to Election Commission