കേരളത്തിന് പിന്നാലെ ബംഗാള്‍ ബി.ജെ.പിയിലും പൊട്ടിത്തെറി; എം.എല്‍.എമാര്‍ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്ത്
national news
കേരളത്തിന് പിന്നാലെ ബംഗാള്‍ ബി.ജെ.പിയിലും പൊട്ടിത്തെറി; എം.എല്‍.എമാര്‍ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th December 2021, 12:14 pm

കൊല്‍ക്കത്ത: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാള്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് വിവിധ നേതാക്കളും എം.എല്‍.എമാരും പുറത്തുപോയതായി റിപ്പോര്‍ട്ട്.

ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി.ജെ.പി രൂപീകരിച്ച പുതിയ സംസ്ഥാന കമ്മിറ്റിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒമ്പത് എം.എല്‍.എമാര്‍ ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുപോയതായാണ് റിപ്പോര്‍ട്ട്.

പശ്ചിമ ബംഗാളിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിന് ഒരു മാസം തികയും മുമ്പാണ് വിഭാഗിയത പരസ്യമായി പുറത്തെത്തുന്നത്.

ജനുവരി 22-ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ സമിതി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നതോടെ ഭിന്നത കൂടുതല്‍ വഷളാകുമെന്നാണ് വിലയിരുത്തുന്നത്. ഡിസംബര്‍ 27ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി (സംഘടന) ബി.എല്‍.സന്തോഷ്, ബംഗാള്‍ പാര്‍ട്ടിയുടെ ചുമതലയുള്ള അമിത് മാളവ്യ, സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ എന്നിവര്‍ ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്, നിയമസഭാ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് പരാജയപ്പെട്ട ബി.ജെ.പിക്ക് വിഭാഗിയത വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പില്‍ 38% വോട്ട് നേടിയ ബി.ജെ.പിക്ക് അടുത്തിടെ നടന്ന കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെ.എം.സി) തെരഞ്ഞെടുപ്പില്‍ 9% ആയി കുറഞ്ഞു.

ബി.ജെ.പി എം.എല്‍.എമാരായ മുകുത്മോണി അധികാരി, സുബ്രതാ താക്കൂര്‍, അംബിക റോയ്, അശോക് കീര്‍ത്തനിയ, അസിം സര്‍ക്കാര്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ പ്രതിഷേധവുമായി നിരവധി പാര്‍ട്ടി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്തിറങ്ങിയത്.

പിന്നാലെ ബങ്കുര ജില്ലയില്‍ നിന്നുള്ള അമര്‍നാഥ് സഖാ, ദിബാകര്‍ ഘോരാമി, നിലാദ്രി ശേഖര്‍ ദാന, നിര്‍മ്മല്‍ ധാര തുടങ്ങിയ എം.എല്‍.എമാരും പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുപോയി.

അതേസമയം പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ പറഞ്ഞു.