കളിക്കാര്‍ മാത്രമല്ല, പരിശീലക സംഘവും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്: ബെന്‍ സ്റ്റോക്‌സ്
Sports News
കളിക്കാര്‍ മാത്രമല്ല, പരിശീലക സംഘവും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്: ബെന്‍ സ്റ്റോക്‌സ്
ശ്രീരാഗ് പാറക്കല്‍
Monday, 22nd December 2025, 3:56 pm

ആഷസിലെ മൂന്നാം മത്സരത്തിലും ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു. മത്സരത്തില്‍ 81 റണ്‍സിന്റെ വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റിന് പുറമെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും വിജയം കങ്കാരുപ്പടയ്ക്ക് തന്നെയായായിരുന്നു.

വിജയത്തോടെ ആഷസ് നിലനിര്‍ത്താന്‍ ഓസീസിന് സാധിച്ചു. ഇതോടെ കാലങ്ങളായി ഓസീസ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ത്രീ ലയണ്‍സിന്റെ സ്വപ്നവും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും പരിശീലകന്‍ ബ്രന്‍ഡന്‍ മക്കല്ലവും

ഇതോടെ കനത്ത വിമര്‍ശനങ്ങളാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും പരിശീലകന്‍ ബ്രന്‍ഡന്‍ മക്കല്ലവും നേിരിട്ടത്. ഇപ്പോള്‍ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ സ്റ്റോക്‌സ്.

‘കളിക്കാര്‍ മാത്രമല്ല, പരിശീലക സംഘവും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. തയ്യാറെടുപ്പുകള്‍ എല്ലായിപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന ഒന്നായിരിക്കും. എന്നാല്‍ അടുത്ത രണ്ട് ടെസ്റ്റുകളില്‍ ഞങ്ങള്‍ക്ക് വിജയിക്കാനുള്ള അവസരമുണ്ട്. ഈ പര്യടനത്തില്‍ നിന്ന് കാര്യമായി ഞങ്ങള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. നമ്മള്‍ അഭിമാനത്തിനായി കളിക്കേണ്ടത് അനിവാര്യമാണ്.

ഞങ്ങള്‍ ഓസ്‌ട്രേലിയയില്‍ കളിക്കേണ്ട ശൈലിയില്‍ ഉറച്ചുനിന്നു, വെല്ലുവിളി നേരിടേണ്ടിവരുമെന്ന് അറിയാമായിരുന്നു, പക്ഷേ ഞങ്ങള്‍ അല്‍പ്പം കഷ്ടപ്പെട്ടു. എന്തൊക്കെയായാലും താരങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന രീതിയില്‍ റണ്‍സ് നേടാനുള്ള അവരുടെ കഴിവ് ഒരിക്കലും എടുത്തുകളയാന്‍ ആഗ്രഹിക്കുന്നില്ല,’ സ്‌റ്റോക്‌സ് പറഞ്ഞു.

അതേസമയം ആഷസ് ട്രോഫിയിലെ നാലാം മത്സരം ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക. എം.സി.ജിയാണ് വേദി. പരമ്പര ഓസീസിന് വൈറ്റ് വാഷിന് വിട്ടുകൊടുക്കാതെ അഭിമാന വിജയം തേടിയാകും ത്രീ ലയണ്‍സ് കളത്തിലിറങ്ങുന്നത്.

Content Highlight: Ben Stokes Talking About Lose Against

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ