ടെല്‍ അവീവ്: ഇസ്രഈല്‍ കസ്റ്റഡിയിലെടുത്ത ഫ്‌ലോട്ടില്ല ആക്ടിവിസ്റ്റുകള്‍ നിരാഹാര സമരത്തിലെന്ന് റിപ്പോര്‍ട്ട്. ഇസ്രഈലി ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിറിന്റെ തീവ്രവാദി പരാമര്‍ശമാണ് ആക്റ്റിവിസ്റ്റുകളെ സമരത്തിലേക്ക് നയിച്ചത്.
ഇന്നലെ (വ്യാഴം) രാത്രി അഷ്‌ദോഡ് തുറമുഖത്ത് വെച്ചാണ് ബെന്‍ ഗ്വിര്‍ ഫ്‌ലോട്ടില്ല പോരാളികളെ ‘ഭീകരര്‍’ എന്ന് വിളിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ എക്‌സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയില്‍, നിലത്തിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ വിരല്‍ചൂണ്ടി സംസാരിക്കുന്ന ബെന്‍ ഗ്വിറിന്റെ ദൃശ്യങ്ങള്‍ കാണാം.
Ben Gvir attacked the activists detained from the Sumud Flotilla ships before their transfer to Ketziot Prison, shouting repeatedly: “You are terrorists.” pic.twitter.com/JR7txjDc3u
‘ഇവര്‍ ഗസയെ സഹായിക്കാന്‍ വന്നതല്ല. തീവ്രവാദികള്‍ക്ക് വേണ്ടിയാണ് വന്നത്. ഇവരും തീവ്രവാദികളാണ്,’ എന്നായിരുന്നു ബെന്‍ ഗ്വിറിന്റെ പരാമര്‍ശം.
അതേസമയം ഗസയിലേക്കുള്ള മാനുഷിക സഹായവുമായി സ്പെയ്ന്‍ നഗരമായ ബാഴ്സലോണയില്‍ നിന്ന് തിരിച്ച ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയുടെ 44 കപ്പലുകളും നിലവില്‍ ഇസ്രഈലിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം.
നേരത്തെ 40ഓളം കപ്പലുകളെ ഇസ്രഈല്‍ നിയമവിരുദ്ധമായി തടഞ്ഞിട്ടും ഫ്‌ലോട്ടില്ലയുടെ മാരിനെറ്റ് കപ്പല്‍ ഗസയിലേക്ക് യാത്ര തുടര്‍ന്നിരുന്നു. ഓസ്ട്രേലിയന്‍ പൗരനായ കാമറൂണ്‍ ക്യാപ്റ്റനായ മാരിനെറ്റില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്.
കൂടാതെ ‘വംശഹത്യ അവസാനിക്കുന്നതുവരെ ഞങ്ങള്‍ ഈ പോരാട്ടം നിര്‍ത്തില്ല. ഫലസ്തീന്‍ സ്വതന്ത്രമാകുന്നതുവരെ തുടരും’ എന്നും സുമുദ് ഫ്‌ലോട്ടില്ല വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഫ്‌ലോട്ടില്ല പോരാളികള്‍ നിരാഹാര സമരം നടത്തുന്നത്.