ടെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരോടുള്ള ക്രൂരത തുടര്‍ന്ന് ഇസ്രഈല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. മന്ത്രി പങ്കുവെച്ച, കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി കമഴ്ത്തി കിടത്തിയ ഒരു ഡസനോളം വരുന്ന ഫലസ്തീന്‍ തടവുകാരുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ സ്വകാര്യ ടെലിഗ്രാം ചാനലിലാണ് ബെന്‍ ഗ്വിര്‍ ഈ വീഡിയോ പങ്കുവെച്ചത്.
ഇസ്രഈല്‍ പതാകയ്ക്ക് മുന്നില്‍ കമഴ്ത്തി കിടത്തിയിരിക്കുന്ന ഫലസ്തീനികളുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ തടവുകാരെ അധിക്ഷേപിച്ചുകൊണ്ടും ഇസ്രഈല്‍ മന്ത്രി സംസാരിക്കുന്നുണ്ട്.
ഇസ്രഈലിലെ ജയിലുകളില്‍ ഇന്ന് പുഞ്ചിരിയില്ല. ഒരു വേനല്‍ക്കാല ക്യാമ്പിന് പകരം പ്രതിരോധമാണുള്ളത്. ചിരികളെല്ലാം തങ്ങള്‍ മായ്ക്കുകയാണെന്നും ബെന്‍ ഗ്വിര്‍ വീഡിയോയില്‍ പറയുന്നു. ഏതെങ്കിലും ഫലസ്തീന്‍ തീവ്രവാദിയോട് തന്റെ ജയിലിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു നോക്കൂ. അവര്‍ ഭയന്ന് വിറയ്ക്കുമെന്നും ബെന്‍ ഗ്വിര്‍ അവകാശപ്പെട്ടു.
ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ്, 2023 ഒക്ടോബര്‍ ഏഴിന് തടവിലാക്കിയ ഇസ്രഈലികളെ പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെട്ടാണ് ബെന്‍ ഗ്വിറിന്റെ ഈ ക്രൂരത.
സെപ്റ്റംബറില്‍ ഗസയിലേക്ക് മാനുഷിക സഹായവുമായി തിരിച്ച ഫ്‌ലോട്ടില്ല കപ്പലുകളില്‍ നിന്ന് ഇസ്രഈല്‍ കസ്റ്റഡിയിലെടുത്ത ഗ്രെറ്റ തെന്‍ബെര്‍ഗ് അടക്കമുള്ളവരെ തീവ്രവാദികളെന്ന് വിളിക്കുന്ന ബെന്‍ ഗ്വിറിന്റെ വീഡിയോ അടുത്തിടെ രൂക്ഷവിമര്‍ശനം നേരിട്ടിരുന്നു.