സൈന്യത്തിന് 150 എച്ച്.എം.വികള്‍ നിര്‍മിച്ച് നല്‍കാന്‍ ബെമലിന്റെ പാലക്കാട് യൂണിറ്റ്
Kerala
സൈന്യത്തിന് 150 എച്ച്.എം.വികള്‍ നിര്‍മിച്ച് നല്‍കാന്‍ ബെമലിന്റെ പാലക്കാട് യൂണിറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th July 2025, 3:26 pm

പാലക്കാട്: പ്രതിരോധ മന്ത്രാലയത്തിന് ഹൈ മൊബിലിറ്റി വാഹനങ്ങള്‍ (എച്ച്.എം.വി) നിര്‍മിച്ച് നല്‍കാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ ബെമല്‍ (ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്) പാലക്കാട് യൂണിറ്റ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ സഹായത്തോടെ ബെമലിന്റെ പാലക്കാട്, മൈസൂര്‍ പ്ലാന്റുകളിലാണ് വാഹനങ്ങള്‍ നിര്‍മിക്കുക.

വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള 293.1 കോടിയുടെ കരാര്‍ ബെമലിന് ലഭിച്ചു. ആറ് ചക്രങ്ങളുള്ള 150 എച്ച്.എം.വികള്‍ നിര്‍മിക്കാനുള്ള കരാറാണ് ലഭിച്ചത്.

കഠിനമായ ശൈത്യ-ഉഷ്ണ കാലാവസ്ഥയിലും പര്‍വതപ്രദേശങ്ങളിലും ദുര്‍ഘടമായ വഴികളിലും അനായാസമായി സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലുള്ളവയാണ് ഈ വാഹനങ്ങള്‍. ഇതിന് പുറമെ ഉയര്‍ന്ന സസ്‌പെന്‍ഷന്‍, ഹൈപവര്‍ എയര്‍കൂള്‍ഡ് എന്‍ജിന്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നിവ എച്ച്.എം.വി വാഹനങ്ങളുടെ പ്രത്യേകതയാണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് പുറമെ റോക്കറ്റ് ലോഞ്ചറുകള്‍, മൈനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വാഹനങ്ങളും ബെമല്‍ നിര്‍മിച്ച് നല്‍കാറുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് ഉള്‍പ്പെടെ ബെമല്‍ നിര്‍മിച്ച ട്രക്കുകള്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

കേന്ദ്രം കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനൊരുങ്ങിയ പൊതുമേഖലാ സ്ഥാപനമാണ് ബെമല്‍. സൈനിക വാഹനങ്ങള്‍ക്ക് പുറമെ വന്ദേഭാരതിന് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിച്ചതും ബെമലായിരുന്നു.

മുംബൈ-അലഹബാദ് ഹൈസ്പീഡ് പാതയ്ക്കുവേണ്ടിയാണ് നിലവില്‍ ബെമല്‍ ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കുന്നത്. രണ്ട് ബുള്ളറ്റ് ട്രെയിനുകളാണ് ബെമല്‍ രാജ്യത്തിന് വേണ്ടി നിര്‍മിച്ചു നല്‍കുക.

വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ പകുതി വിലയിക്ക് നിര്‍മിച്ച് കൊടുത്തത് ബെമലിന്റെ പ്രശസ്തി വര്‍ധിപ്പിച്ചിരുന്നു. പകുതി വിലയ്ക്ക് നിര്‍മിച്ച് നല്‍കിയ കോച്ചുകള്‍ മികച്ച നിലവാരത്തിലുള്ളതായിരുന്നു. ഇന്ത്യയില്‍ മെട്രോ കോച്ചുകള്‍ നിര്‍മിക്കുന്ന ഏക കമ്പനിയും പൊതുമേഖല സ്ഥാപനവുമാണ് ബെമല്‍.

ഏറെ കാലങ്ങളായി കേന്ദ്രത്തിന്റെ അവഗണന നേരിടുന്ന പൊതുമേഖലാ സ്ഥാപനം കൂടിയാണ് ബെമല്‍. കോര്‍പ്പറേറ്റ്‌വത്ക്കരണത്തിന്റെ ഇര കൂടിയായ ബെമല്‍ പൊതുമേഖലാ സ്ഥാപനമായി തുടരുന്നത് വില്‍പ്പനക്കെതിരെ നടക്കുന്ന തൊഴിലാളികളുടെ കനത്ത പ്രതിഷേധം കാരണമാണ്.

1964ല്‍ പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച മിനി നവരത്‌ന കമ്പനിയാണ് ബെമല്‍. ബെംഗളൂരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പാലക്കാട്, മൈസൂര്‍, കോലാര്‍ എന്നിവിങ്ങളിലും നിര്‍മാണ യൂണിറ്റുകളുണ്ട്.

Content Highlight: BEML’s Palakkad unit to manufacture and supply 150 HMVs to the army