ബ്രസ്സല്‍സ്: ബ്രിട്ടനില്‍ നിന്ന് ഇസ്രഈലിലേക്ക് കടത്താന്‍ ശ്രമിച്ച സൈനിക ഉപകരണങ്ങളും ആയുധ സാമഗ്രികളും പിടിച്ചെടുത്ത് ബെല്‍ജിയം.
ബെല്‍ജിയത്തിന്റെ വ്യോമാതിര്‍ത്തിയോ വിമാനത്താവള സൗകര്യങ്ങളോ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ രാജ്യം കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈ നടപടി. സംഭവത്തില്‍ ബെല്‍ജിയം സര്‍ക്കാര്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം, ബ്രിട്ടനില്‍ നിന്ന് ലീജ് വിമാനത്താവളം വഴി ഇസ്രഈലിലേക്ക് സൈനിക കപ്പല്‍ വഴി ആയുധ നീക്കം നടക്കുന്നുണ്ടെന്ന വിവരം വിവിധ വാര്‍ത്താ ഏജന്‍സികളും മനുഷ്യാവകാശ സംഘടനകളും അധികൃതരെ അറിയിച്ചിരുന്നു.
മാര്‍ച്ച് 23ന് ബ്രിട്ടനില്‍ നിന്ന് അയച്ച ഈ ചരക്കുകള്‍ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ അധികൃതര്‍ പിടികൂടുകയായിരുന്നു.
വിദഗ്ധ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍, പിടിച്ചെടുത്ത പെട്ടികളില്‍ സൈനിക വിമാനങ്ങള്‍ക്കാവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകളും സൈനിക ഉപകരണങ്ങളും അഗ്‌നി നിയന്ത്രണ സംവിധാനങ്ങളും ഉള്‍പ്പെടെയുള്ളവ കണ്ടെത്തി.
എന്നാല്‍, ഈ സാമഗ്രികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കപ്പല്‍ രേഖകളില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പിടിച്ചെടുത്ത സാധനങ്ങളുമായി ബന്ധപ്പെട്ട കമ്പനികളുടെ പേര് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ വിസമ്മതിച്ചെങ്കിലും, തെക്കന്‍ ബെല്‍ജിയത്തിലെ വാലൂണ്‍ പ്രാദേശിക സര്‍ക്കാര്‍ ഇതിന് പിന്നിലെ കമ്പനിയെ തിരിച്ചറിഞ്ഞു. ബ്രിട്ടണില്‍ ഫാക്ടറികളുള്ള ‘മൂഗ്’ എന്ന അമേരിക്കന്‍ എയ്റോസ്പേസ് സ്ഥാപനത്തിന്റേതാണ് ഈ സാമഗ്രികള്‍.
ഇസ്രഈലി പൈലറ്റുമാരുടെ പരിശീലനത്തിനായി ഉപയോഗിക്കുന്ന M-346 വിമാനങ്ങള്‍ക്കുള്ള ആക്യുവേറ്ററുകളാണ് ഈ സ്ഥാപനം നിര്‍മിക്കുന്നത്. ഇത്തരം ഘടകങ്ങള്‍ കടത്തുന്നതിന് ആവശ്യമായ ‘ട്രാന്‍സിറ്റ് ലൈസന്‍സ്’ അപേക്ഷകള്‍ ഒന്നും തന്നെ സമര്‍പ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അഥവാ അപേക്ഷ നല്‍കിയിരുന്നെങ്കില്‍ തന്നെ ബെല്‍ജിയം അത് നിരസിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രേഖകള്‍ പ്രകാരം, ഈ ഘടകങ്ങള്‍ യു.കെയില്‍ നിന്ന് കയറ്റുമതി ചെയ്തത് ‘ഓപ്പണ്‍ ഇന്‍ഡിവിഡ്ജ്വല്‍ എക്സ്പോര്‍ട്ട് ലൈസന്‍സിന്’ കീഴിലാണ്.
സൈനിക ഹാര്‍ഡ്വെയര്‍ എന്നതിന് പകരം സാധാരണ വിമാന ഘടകങ്ങള്‍ എന്ന നിലയിലാണ് ഇവ തരംതിരിച്ചിരുന്നത്. ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം, മൂഗ് കമ്പനിയില്‍ നിന്ന് ഇത്തരത്തില്‍ ചുരുങ്ങിയത് 17 കണ്‍സൈന്‍മെന്റുകളെങ്കിലും യു.കെയില്‍ നിന്ന് ലീജ് വിമാനത്താവളം വഴി ഇസ്രഈലിലേക്ക് കടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ബ്രിട്ടണ്‍ പങ്കാളിയാകുന്നു എന്ന് മനുഷ്യാവകാശ സംഘടനകള്‍ നിരവധി തവണ പറഞ്ഞിരുന്നു. സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്, 2024 സെപ്റ്റംബറില്‍ യു.കെ സര്‍ക്കാര്‍ ഇസ്രഈലിലേക്കുള്ള 350 ആയുധ കയറ്റുമതി ലൈസന്‍സുകളില്‍ 30 എണ്ണം താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, കണക്കുകള്‍ പ്രകാരം 2023 ഒക്ടോബറിനും 2024 മെയ് മാസത്തിനും ഇടയില്‍ മാത്രം ഇസ്രഈലിന് സൈനിക ഉപകരണങ്ങള്‍ നല്‍കുന്നതിനായി 100-ലധികം ലൈസന്‍സുകള്‍ ബ്രിട്ടണ്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, വെടിക്കോപ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
Content Highlight: Belgium seizes two British cargoes of military components bound for Israel