രാഹുലിന് എതിരായ നടപടി; തനിക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നു: വി.ഡി സതീശന്‍
Kerala
രാഹുലിന് എതിരായ നടപടി; തനിക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നു: വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th September 2025, 5:22 pm

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ തനിക്ക് നേരെ സൈബര്‍ ആക്രമണം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നടപടിയെടുത്തതിനെ ചൊല്ലി ഒരുപാട് ആക്ഷേപങ്ങള്‍ താന്‍ കേട്ടുകൊണ്ടിരിക്കുകയാണ്.

സോഷ്യല്‍മീഡിയയിലൂടെ സൈബര്‍ ആക്രമണം നടത്തിയെന്ന് കരുതി തന്റെ നിലപാട് മാറ്റില്ലെന്നും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നേതാക്കള്‍ രാഹുലിനെതിരായ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി സതീശന്റെ തുറന്നുപറച്ചില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

‘ഞങ്ങളുടെ അറിവുകളില്‍ നിന്നും ബോധ്യങ്ങളില്‍ നിന്നുമാണ് തീരുമാനമെടുത്തത്. അതില്‍ യാതൊരുമാറ്റവുമില്ല. നേതാക്കള്‍ കൂടിയാലോചിച്ച് ഒരേ മനസോടെ എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ടടിക്കില്ല’, വി.ഡി സതീശന്‍ പറഞ്ഞു.

കേരള ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഒരു നിലപാട് രാഹുല്‍ വിഷയത്തില്‍ എടുത്തിട്ടുണ്ട്. അന്വേഷണത്തിന് കോണ്‍ഗ്രസ് എതിരല്ലെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്.ഐ.ആര്‍ പുറത്തെത്തിയതിന് പിന്നാലെയാണ് വി.ഡി സതീശന്‍ മാധ്യമങ്ങളെ കണ്ടത്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയായി പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറി.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും കെ. മുരളീധരന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന സൂചന നല്‍കിയിരുന്നു. ഇതിനെ തള്ളാതെയാണ് വി.ഡി സതീശന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

നേരത്തെ, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ വി.ഡി സതീശനാണ് എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഹാന്‍ഡിലുകളില്‍ നിന്നുള്‍പ്പടെ സൈബര്‍ ആക്രമണം തുടരുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം സാക്ഷികളായ അഞ്ചുപേരുടെ പരാതിയുടെ വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ബി.എന്‍.എസ് 78(2)-351, പൊലീസ് ആക്ട് 120 തുടങ്ങി വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിന് എതിരെ കേസെടുത്തിരിക്കുന്നത്.

18 മുതല്‍ 60 വയസുവരെ പ്രായമുള്ള സ്ത്രീകളാണ് ഇരയാക്കപ്പെട്ടവരെന്ന് എഫ്.ഐ.ആര്‍ പറയുന്നുണ്ട്. സോഷ്യല്‍മീഡിയയിലൂടെ ശല്യം ചെയ്യുക, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് രാഹുലിന് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പരാതികള്‍.

Content Highlight: being cyber-attacked for taking action against Rahul Mangkootatil says V.D. Satheesan