ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിലേക്കുള്ള 2025ലെ അംഗങ്ങളുടെ പട്ടികയില്‍ ബോളിവുഡ് നടി ദീപിക പദുക്കോണും ഇടം നേടി. ബുധനാഴ്ച വൈകുന്നേരം ഹോളിവുഡ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സെലക്ഷന്‍ പാനല്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്. ഐകോണിക് ഹോളിവുഡ് താരങ്ങളുടെ പേരുകള്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന താരങ്ങളില്‍ ഒരാളായി മാറാന്‍ ഇതോടെ ദീപികയ്ക്ക് കഴിഞ്ഞു.
ഇന്ത്യയില്‍ നിന്ന് ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ആളാണ് ദീപിക എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദീപികയ്ക്കും മുമ്പ് കര്‍ണാടകയിലെ മൈസൂരുവില്‍ നിന്നുള്ള ഒരു കൗമാരക്കാരന്റെ പേരും ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ ഒരു നക്ഷത്രം ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ വംശജനായ നടന്‍ സാബു ദസ്തഗിര്‍ ആയിരുന്നു. 1930 കളിലും 40 കളിലും ഹോളിവുഡിലെ തിരക്കേറിയ അഭിനേതാവായിരുന്നു സാബു എന്ന പേരിലറിയപ്പെടുന്ന സാബു ദസ്തഗിര്‍. 1960ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ പേര് ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയത്.
1924ല്‍ മൈസൂരുവില്‍ ജനിച്ച സാബു ഒരു ആനപാപ്പാന്റെ മകനായിരുന്നു. 1937ല്‍ അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് റോബര്‍ട്ട് ഫ്‌ലാഹെര്‍ട്ടി റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ‘ടൂമൈ ഓഫ് ദി എലിഫന്റ്‌സ്’ എന്ന നോവലിന്റെ ഒരു അനുകരണമായ ‘എലിഫന്റ് ബോയ്’ എന്ന ചിത്രത്തില്‍ സാബു അഭിനയിച്ചിരുന്നു. ആ സിനിമയുടെ വിജയത്തോടെ ഹോളിവുഡിലെ തിരക്കേറിയ നടനായി സാബു ദസ്തഗിര്‍ മാറി.