എഡിറ്റര്‍
എഡിറ്റര്‍
ബിരിയാണി കഴിക്കവേ ബിയര്‍ കുപ്പിച്ചില്ല് തൊണ്ടയില്‍ തറച്ചു; പരാതിപ്പെട്ടപ്പോള്‍ ഇതൊക്കെ പതിവെന്ന് ഹോട്ടലുടമ; ദുരനുഭവം പങ്കുവെച്ച് യുവാവ്
എഡിറ്റര്‍
Monday 30th October 2017 2:54pm

പത്തനംതിട്ട: ഹോട്ടലില്‍ നിന്ന് കഴിച്ച ബിരിയാണിയില്‍ നിന്നും ബിയര്‍കുപ്പിയുടെ ചില്ല് തൊണ്ടയില്‍ തറച്ചതായി യുവാവിന്റെ വെളിപ്പെടുത്തല്‍. ഷൈലേഷ് ഉമ്മന്‍ കുളത്തുങ്കലാണ് തന്റെ ദുരനുഭവം തുറന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

തിരുവല്ലയിലെ ഹോട്ടല്‍ കെ.ജി.എ എലൈറ്റ് കോണ്ടിനന്റലില്‍ നിന്നും ഭക്ഷണം കഴിക്കവേ തൊണ്ടയില്‍ എന്തോ കുടുങ്ങിയതായി സംശയംതോന്നിയെന്നും ഉടന്‍ തന്നെ ചര്‍ദ്ദിച്ചപ്പോള്‍ ആഹാരസാധത്തിനൊപ്പം രക്തവും വലിയൊരു കഷണം ബിയര്‍ ബോട്ടില്‍ കുപ്പിച്ചില്ലും ലഭിക്കുകയായിരുന്നെന്നും ഷൈലേഷ് പറയുന്നു.

ഹോട്ടല്‍ അധികൃതരുടെ അനാസ്ഥ അവരെ അറിയിച്ചപ്പോള്‍ പ്രശ്‌നം എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കുവാനായിരുന്നു അവരുടെ ശ്രമമെന്നും അതിന്റെ ഭാഗമായി അവര്‍ പല വാഗ്ദാനങ്ങളും നല്‍കിയെന്നും ഷൈലേഷ് പറയുന്നു.

‘ഹോട്ടല്‍ ഫീല്‍ഡ് ഒക്കെ ആകുമ്പോള്‍ ഇതൊക്കെ പതിവാണ്’ എന്നായിരുന്നു ഹോട്ടല്‍ അധികാരികള്‍ തന്നോട് പറഞ്ഞത്. ഒരു ഉപഭോക്താവ് എന്ന നിലയില്‍ തനിക്ക് ലഭിക്കേണ്ട ന്യായമായ നീതി അവിടെ നിഷേധിക്കപ്പെടുകയായിരുന്നു. ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലിലാണ് ഇത് സംഭവിച്ചതെന്ന് വിസ്മരിച്ചുകൂട.


Dont Miss ക്രിമിനലിനെ വിവാഹം ചെയ്യരുതെന്ന് ഏത് നിയമത്തിലാണുള്ളത്? വിവാഹം വ്യക്തിപരമായ തെരഞ്ഞെടുപ്പെന്നും ഹാദിയ കേസില്‍ സുപ്രീം കോടതി


‘ആ കുപ്പിച്ചില്ല് അബദ്ധവശാല്‍ വിഴുങ്ങിയിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ ജീവന്‍ വരെ നഷ്ടപ്പെട്ടേനെ. ഈ വിഷയം ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളില്‍ അറിയിക്കുകയും അവര്‍ ന്യായമായ നടപടിയെടുക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നെന്നും ഷൈലേഷ് പോസ്റ്റില്‍ പറയുന്നു. ‘കസ്റ്റമര്‍’ ആണ് ഏറ്റവും വലിയ സമ്പാദ്യം എന്ന് ഓരോ ഹോട്ടലുടമകളും ചിന്തിക്കുവാന്‍ ഈ പോസ്റ്റ് ഉതകട്ടെ എന്ന് പറഞ്ഞുകൊണ്ട് ബിയര്‍കുപ്പി ചില്ലിന്റെ ഫോട്ടോ അടക്കം ഉള്‍പ്പെടുത്തിയാണ്  ഷൈലേഷ് പോസ്റ്റിട്ടത്.

എന്നാല്‍ ഷൈലേഷിന്റെ ആരോപണം കെ.ജി.എ എലൈറ്റ് ഹോട്ടല്‍ അധികൃതര്‍ നിഷേധിച്ചു. ബിരിയാണിയില്‍ നിന്നും കുപ്പിച്ചില്ല് കിട്ടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഷൈലേഷ് നാടകം കളിക്കുകയായിരുന്നുവെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. ഡിസ്‌ക്കൗണ്ട് കിട്ടാന്‍ വേണ്ടി അദ്ദേഹം തങ്ങളോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തങ്ങള്‍ അത് നിഷേധിക്കുകയായിരുന്നെന്നും ഹോട്ടല്‍ മാനേജര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കുപ്പിച്ചില്ലുകൊണ്ട് വായമുറിച്ചെന്നും ആന്തരിക രക്തസ്രാവം ഉണ്ടായെന്നുമാണ് ഷൈലേഷ് പറയുന്നത്. അങ്ങനെ സംഭവിച്ചെങ്കില്‍ അദ്ദേഹം ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടും. അതിന്റെ എന്തെങ്കിലും രേഖകള്‍ കാണിക്കാന്‍ അദ്ദേഹം തയ്യാറുണ്ടോയെന്നും അങ്ങനെയെങ്കില്‍ അദ്ദേഹത്തോട് മാപ്പ് പറയാന്‍ തങ്ങള്‍ തയ്യാറാണെന്നും’ ഹോട്ടല്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ തനിക്ക് ഹോട്ടല്‍ അധികാരികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് ഷൈലേഷ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ സുഹൃത്തുക്കളെ,

ഞാന്‍ ഇവിടെ പ്രതിപാദിക്കുവാന്‍ പോകുന്ന വിഷയം എനിക്ക് വ്യക്തിപരമായി ഉണ്ടായ ഒരു ദുരനുഭമാണ്. വീണ്ടും മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാനും ഇത്തരം കപട നാണയങ്ങളെ തുറന്നു കാട്ടുവാനും ഇത് എഴുതുന്നത് . 11 October 2017 ഞാനും കുടുംബവും Hotel KGA Elite Continental Thiruvalla ഉച്ചഭക്ഷണത്തിന് കയറുകയും ,കൂടെയുള്ളവര്‍ മില്‍സും ഞാന്‍ ഒരു ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. ബിരിയാണി ഞാന്‍ കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തൊണ്ടയില്‍ എന്തോ കുടുങ്ങിയതായി എനിക്കു സംശയം തോന്നുകയും വേഗത്തില്‍ ഞാന്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. ശര്‍ദ്ദിന്റെ കൂട്ടത്തില്‍ ബ്ലഡ് കണ്ടപ്പോള്‍ എനിക്ക് ഭയം അനുഭവപ്പെടുകയും ഞാന്‍ അത് ശ്രദ്ധിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാന്‍ കഴിച്ച ആഹാരം സാധനത്തിന്റെ കൂട് ഒരു വലിയ കഷണം ‘ബിയര്‍ ബോട്ടില്‍ കുപ്പിച്ചില്ലും’ ഉണ്ടായിരുന്നുവെന്ന്. സമചിത്തത വീണ്ടെടുത്ത് ഞാന്‍ ഈ കാര്യം ഹോട്ടല്‍ അധികാരികളുമായി സംസാരിക്കുകയും ഞാന്‍ പണം കൊടുത്തു മേടിച്ച ആഹാരത്തില്‍ മരണം വരെ സംഭവിക്കാവുന്ന ഒരു അനാസ്ഥ ഹോട്ടല്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു എന്ന് അവരെ വിനയപൂര്‍വ്വം അറിയിക്കുകയും ചെയ്തു .പ്രശ്‌നം ഒതുക്കി തീര്‍ക്കുവാന്‍ അവര്‍ പല വാഗ്ദാനങ്ങളും തന്നു. പക്ഷേ ഒരു ഉപഭോക്താവ് എന്ന നിലയില്‍ എനിക്ക് ലഭിക്കേണ്ട ന്യായമായ നീതി അവിടെ നിഷേധിക്കപ്പെട്ടു . ‘ഒരു 4 Star hotal ആണ് അത് എന്ന് വിസ്മരിച്ചുകൂടാ’ കാരണം അതില്‍ ഏറ്റവും പ്രധാനമായി ഹോട്ടല്‍ അധികാരികള്‍ പറഞ്ഞു ഒരു വാചകമാണ് ‘ഹോട്ടല്‍ ഫീല്‍ഡ് ഒക്കെ ആകുമ്പോള്‍ ഇതൊക്കെ പതിവാണ്’ ഇതാണ് എന്നെ ഇത്തരത്തിലുള്ളൊരു കുറിപ്പ് എഴുതുവാന്‍ പ്രേരിപ്പിച്ച ഘടകം. കഴിച്ച ആഹാരത്തിന്റെ പണം നല്‍കിയ ശേഷം വയറിന് അസ്വസ്ഥതയും ഉണ്ടായ ഞാന്‍ ആശുപത്രിയില്‍ പോവുകയും ഡോക്ടര്‍ പറഞ്ഞത് അനുസരിച്ച് രണ്ടു മണിക്കൂര്‍ നിരീക്ഷണത്തിലും ആയിരുന്നു. മറ്റ് കുപ്പിച്ചില്ല്‌ന്റെ അംശം ഉദരത്തില്‍ ഉണ്ടായിരിക്കാം എന്ന ആശങ്കയില്‍ ഡോക്ടര്‍ എനിക്ക് ശോധനയ്ക്ക് ഉള്ള മരുന്ന് തന്ന കൂടുതല്‍ ബുദ്ധിമുട്ടുകള്‍ വല്ലതുമുണ്ടെങ്കില്‍ തീര്‍ച്ചയായും വന്നു കാണണം എന്ന് പറഞ്ഞു . എനിക്ക് ഉണ്ടായ ഈ ദുരവസ്ഥ നിങ്ങള്‍ക്ക് ആര്‍ക്കും ഉണ്ടാകാതിരിക്കാനും ഇനിയുമൊരു ഹോട്ടല്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വഞ്ചനയും ,അഹന്തയും കാണിക്കാതിരിക്കാന്‍ഉം വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത്. ആ കുപ്പിച്ചില്ല് അബദ്ധവശാല്‍ വിഴുങ്ങി ഇരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ ജീവന്‍ വരെ നഷ്ടപ്പെട്ടു എന്നു വരാം .ഞാന്‍ ഈ വിഷയം ബന്ധപ്പെട്ട് സര്‍ക്കാര്‍ അധികാരികളില്‍ അറിയിക്കുകയും അവര്‍ ന്യായമായ നടപടിയെടുക്കുകയും ചെയ്യും എന്നു വിശ്വസിക്കുന്നു .എന്റെ മൊബൈല്‍ നമ്പര്‍ താഴെ കൊടുക്കുന്നു കൂട്ടത്തില്‍ എനിക്ക് ലഭിച്ച കുപ്പി ചില്ലിന്റെ ഫോട്ടോകള്‍ ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു ‘കസ്റ്റമര്‍’ ആണ് ഏറ്റവും വലിയ സമ്പാദ്യം എന്ന് ഓരോ ഹോട്ടലുടമകളും ചിന്തിക്കുവാന്‍ ഈ പോസ്റ്റ് ഉതകട്ടെ… മേല്‍പ്പറഞ്ഞ ഹോട്ടലില്‍ നിങ്ങള്‍ എപ്പോഴെങ്കിലും ആഹാരം കഴിക്കുവാന്‍ കയറുന്നുവെങ്കില്‍ തീര്‍ച്ചയായും സ്വന്തം ജീവനെ കരുതി ഒന്ന് ചിന്തിക്കണം.
വിശ്വസ്തതയോടെയും സ്‌നേഹപൂര്‍വം
ഷൈലേഷ് ഉമ്മന്‍

Advertisement