ഇന്ത്യന്‍ ടി-20 ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ നടത്താനൊരുങ്ങി ബി.സി.സി.ഐ. ടി-20യില്‍ 30-35 താരങ്ങള്‍ അടങ്ങുന്ന സംഘത്തെ തെരഞ്ഞെടുക്കുന്നതിനായി ബി.സി.സിഐ പുതിയ പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ടീമുകളായാണ് ഈ സംഘം കളിക്കുക. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരേസമയം ഒന്നിലധികം മത്സരങ്ങള്‍ വരുന്നത് കൊണ്ടാണ് ബി.സി.സി.ഐ ഈ നീക്കം നടത്തുന്നത്. ഏഷ്യന്‍ ഗെയിംസും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയും ഇന്ത്യക്ക് ഒരേസമയമാണ് വരുന്നത്. അതുകൊണ്ട് തന്നെ രണ്ട് ടീമുകളെ കളത്തിലിറക്കാനാണ് ഇന്ത്യയുടെ നീക്കം.
ഐ.പി.എല്ലില്‍ മിന്നും പ്രകടനങ്ങള്‍ നടത്തുന്ന യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലെത്താനുള്ള അവസരം കൂടിയാണ് ബി.സി.സി.ഐ പുതിയ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. വൈഭവ് സൂര്യവംശി, പ്രിയാന്‍ഷ് ആര്യ, അംഗ്രിഷ് രഘുവംശി തുടങ്ങിയ യുവതാരങ്ങള്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ആര്‍.സി.ബി നായകന്‍ രജത് പടിദാറും ടീമില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൗളിങ് നിരയില്‍ ഖലീല്‍ അഹമ്മദ്, പ്രസിദ്ധ് കൃഷണ, രവി ബിഷ്ണോയി, കാര്‍ത്തിക് ത്യാഗി തുടങ്ങിയ താരങ്ങളും ടീമില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.
അതേസമയം പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടി-20 ടീമിന്റെ അടുത്ത ക്യാപ്റ്റനായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സെലക്ടര്‍മാര്‍ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചാല്‍ അയ്യര്‍ക്കാണ് നറുക്ക് വീഴാന്‍ സാധ്യതയെന്നാണ് വിവരം. ടൈം ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2023ന് ശേഷം ഇന്ത്യന്‍ ടി – 20 ടീമില്‍ കളിക്കാത്ത ശ്രേയസിനെ ടീമിലെത്തിച്ച് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുക എന്നത് വലിയൊരു തീരുമാനമാണെന്ന് പേര് വെളിപ്പെടുത്താത്ത ബി.സി.സി.ഐ വൃത്തം പറഞ്ഞതായി ടൈംസ് ഓഫ് റിപ്പോര്‍ട്ട് ചെയ്തു.
2026 ഐ.പി.എല്ലില്‍ ശ്രേയസ് അയ്യരിന്റെ ചിറകിലേറി പഞ്ചാബ് കിങ്സ് അജയ്യരായി മുന്നേറികൊണ്ടിരിക്കുകയാണ്. ക്യാപ്റ്റന്‍സി മികവ് കൊണ്ടും മിന്നുന്ന ബാറ്റിങ് പ്രകടനങ്ങള്‍ കൊണ്ടും ഈ സീസണിലും ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ശ്രേയസ് അയ്യര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 2024 ഐപിഎല്‍ കിരീടം നേടിക്കൊടുത്ത അയ്യര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്കും കൈപിടിച്ചുയര്‍ത്തി. കഴിഞ്ഞ സീസണില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ കലാശപോരാട്ടത്തിലേക്ക് നയിക്കാനും അയ്യര്‍ക്ക് സാധിച്ചിരുന്നു.
ഇതോടെ ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും അയ്യര്‍ കൈപ്പിടിയിലാക്കി. ഇത്തവണ പഞ്ചാബിന് കിരീടം നേടികൊടുത്താല്‍ രണ്ട് വ്യത്യസ്ത ടീമുകളെ ചാമ്പ്യന്മാരാക്കുന്ന ആദ്യ ക്യാപ്റ്റനാവും അയ്യര്‍ക്ക് സാധിക്കും.
Content Highlight: BCCI Set a huge changes in Indian t20 cricket team