ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2027 ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് വിവരം. താരത്തിന്റെ പ്രകടനങ്ങള്‍ ബി.സി.സി.ഐ സൂക്ഷമായി വിലയിരുത്തുകയാണ് എന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഷമിയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയില്‍ ടീമില്‍ താരം ഇടം കണ്ടെത്താന്‍ സാധ്യതകള്‍ ഏറെയാണ്. താരം 2027 ലോകകപ്പിലും ഇടം പിടിച്ചേക്കാമെന്നും പേര് വെളിപ്പെടുത്താത്ത ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
മുഹമ്മദ് ഷമി. Photo: lndian Sports Netwrk/x.com
‘മുഹമ്മദ് ഷമിയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. താരത്തെ ടീമിലേക്ക് പരിഗണിക്കുന്നില്ല എന്നത് തെറ്റായ കാര്യമാണ്. താരത്തിന്റെ ഫിറ്റ്‌നസ് മാത്രമാണ് ആശങ്ക. ഷമിയെപ്പോലൊരു മികച്ച ബൗളര്‍ക്ക് ഏത് സമയത്തും വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കും. താരമിപ്പോഴും സെലക്ടര്‍മാരുടെ ലിസ്റ്റിലുണ്ട്.
ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഷമി കളിക്കാന്‍ സാധ്യതയുണ്ട്. ഷമിയുടെ അനുഭവസമ്പത്തും കഴിവും വെച്ച് നോക്കിയാല്‍ 2027 ലോകകപ്പില്‍ പോലും താരം കളിച്ചേക്കാം,’ ഒരു ബി.സി.സി.ഐ വൃത്തം പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ടൂര്‍ണമെന്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും പിന്നീട് താരത്തിന് അവസരങ്ങള്‍ ലഭിച്ചില്ല. ഫിറ്റ്‌നസ് ഇല്ലെന്ന് പറഞ്ഞാണ് ഷമിക്ക് അവസരങ്ങള്‍ ലഭിക്കാതിരുന്നത്. ഇതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അവസരം ലഭിക്കാതിരുന്ന ഷമി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പിന്നാലെ വിജയ് ഹസാരെയില്‍ താരം തിളങ്ങുകയാണ്. ഇരു ടൂര്‍ണമെന്റിലും താരം 17 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
മുഹമ്മദ് ഷമി.Photo: ORANGE ARMY/x,com
ഫിറ്റ്‌നസ് കാര്യങ്ങള്‍ പറഞ്ഞ് ഷമിയെ തുടര്‍ച്ചയായി അജിത് അഗാര്‍ക്കാരുടെ സെലക്ഷന്‍ കമ്മിറ്റി തഴയുന്നതിനെതിരെ മുന്‍ താരങ്ങള്‍ അടക്കം വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കൂടാതെ, സെലക്ഷന്‍ കമ്മിറ്റിക്കെതിരെ ഷമി തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.
അതോടെ ഷമി തെളിയിക്കണമെന്നും ഫിറ്റ്‌നസ് ഇല്ലെന്നും പറഞ്ഞ് അജിത് അഗാര്‍ക്കര്‍ രംഗത്തെത്തിയിരുന്നു. ഷമി മികച്ച താരമാണെന്നും താരം ഫിറ്റാണെങ്കില്‍ ടീമില്‍ എടുക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ഷമി ഫിറ്റ് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെയാണ് മിന്നും പ്രകടനവുമായി ഷമി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയത്.
Content Highlight: BCCI is likely to recall Mohammed Shami to Indian Cricket Team: Report