ബി.ബി.എല്ലില്‍ സിഡ്‌നി തണ്ടേഴ്‌സും സിഡ്‌നി സിക്‌സേഴ്‌സും തമ്മിലുള്ള മത്സരം എസ്.സി.ജിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സിഡ്‌നി സിക്‌സേഴ്‌സ് തണ്ടേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടാനാണ് തണ്ടേഴ്‌സിന് സാധിച്ചത്. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിക്‌സേഴ്‌സ് അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 59 റണ്‍സാണ് നേടിയത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത തണ്ടേഴ് ഓപ്പണറും ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറിന്റെ കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 65 പന്തില്‍ നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 110 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. 169.23 എന്ന ഉഗ്രന്‍ സ്‌ട്രൈക്ക് റേറ്റിലാണ് മുന്‍ ഓസീസ് നായകന്‍ ആറാടിയത്.
ഈ സീസണില്‍ ഇത് ആദ്യമായല്ല വാര്‍ണര്‍ സെഞ്ച്വറി നേടുന്നത്. ജനുവരി മൂന്നിന് ഹൊബാര്‍ട്ട് ഹ്യുറിക്കന്‍സിനെതിരെയുള്ള മത്സരത്തില്‍ താരം 130 റണ്‍സാണ് നേടിയത്. 65 പന്തുകള്‍ നേരിട്ട് പുറത്താവാതെയായിരുന്നു താരത്തിന്റെ ഈ പ്രകടനം.
സെഞ്ച്വറി നേട്ടത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും വാര്‍ണര്‍ത്ത് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടക്കാനും വാര്‍ണര്‍ക്ക് സാധിച്ചു.
അതേസമയം മത്സരത്തില്‍ വാര്‍ണറിന് പുറമെ 16 പന്തില്‍ 26 റണ്‍സെടുത്ത നിക് മാഡിസണാണ് ടീമിന്റെ രണ്ടാമത്തെ ടോപ്‌സ്‌കോറര്‍. മറ്റ് താരങ്ങള്‍ക്ക് കൂടുതല്‍ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. സിഡ്നി സിക്സേഴ്‌സിനായി സാം കറന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബെഞ്ചമിന്‍ മാനെന്റി, മിച്ചല്‍ സ്റ്റാര്‍ക്ക്, ജാക്ക് എഡ്വേഡ്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: BBL 2026: David Warner In Great Record Achievement In 2026 BBL