മെസിയും റൊണാള്‍ഡോയും പടിക്ക് പുറത്ത്, ലെവന്‍ഡോസ്‌കി സബ് മാത്രം; ടീം തെരഞ്ഞെടുത്ത് ഇതിഹാസം
Sports News
മെസിയും റൊണാള്‍ഡോയും പടിക്ക് പുറത്ത്, ലെവന്‍ഡോസ്‌കി സബ് മാത്രം; ടീം തെരഞ്ഞെടുത്ത് ഇതിഹാസം
ആദര്‍ശ് എം.കെ.
Thursday, 8th January 2026, 3:56 pm

ഫുട്‌ബോള്‍ ചരിത്രത്തില്‍ നിന്നും തന്റെ എക്കാലത്തെയും മികച്ച പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്ത് ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ ഇതിഹാസ താരം ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍.

ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇല്ലാതെയാണ് ഷ്വെയ്ന്‍സ്റ്റീഗര്‍ തന്റെ എക്കാലത്തെയും മികച്ച ടീമിനെ ഒരുക്കിയിരിക്കുന്നത്. മുമ്പ് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് അദ്ദേഹം തന്റെ ഗ്രേറ്റസ്റ്റ് ഇലവന്‍ ഓഫ് ഓള്‍ ടൈം തെരഞ്ഞെടുപ്പ് നടത്തിയത്.

ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍. Photo: Bayern Munich/x.com

ഒന്നിന് പിന്നാലെ ഒന്നായി ബാലണ്‍ ഡി ഓര്‍ വാരിക്കൂട്ടിയ മെസിക്കും റൊണാള്‍ഡോയ്ക്കും പകരം പ്രധാനമായും തന്റെ സഹതാരങ്ങളെയും ഇതിഹാസങ്ങളെയുമാണ് ബവാരിയന്‍സ് ലെജന്‍ഡ് തെരഞ്ഞെടുത്തിരിക്കുന്നത്.

ജര്‍മന്‍ സൂപ്പര്‍ താരം മാനുവല്‍ നൂയറാണ് ഷ്വെയ്ന്‍സ്റ്റീഗറിന്റെ ടീമിന്റെ ഗോള്‍ കീപ്പര്‍. 2014 ലോകകപ്പില്‍ ജര്‍മനിയെ ലോകകപ്പ് ചൂടിച്ച ടീമിലെ ഗോള്‍വല കാക്കും ഭൂതത്താനെ തന്നെയാണ് ഷ്വെയ്ന്‍സ്റ്റീഗര്‍ തന്റെ ടീമിന്റെ ഗോള്‍വല കാക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്.

കാല്‍പ്പന്തിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച പ്രതിരോധ നിര തന്നെയാണ് താരം പടുത്തുയര്‍ത്തിയിരിക്കുന്നത്.

ജര്‍മനിയുടെയും ബയേണിന്റെയും മുന്‍ നായകനായ ഫിലിപ് ലാമിനെ റൈറ്റ് ബാക്കും പകരം വെക്കാന്‍ മറ്റാര്‍ക്കും തന്നെ സാധിക്കാത്ത ബ്രസീല്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിനെ ലെഫ്റ്റ് ബാക്കുമായാണ് അണിനിരത്തിയിരിക്കുന്നത്.

കളിക്കാരനായും മാനേജരായും ലോകകപ്പ് നേടിയ ജര്‍മന്‍ സൂപ്പര്‍ താരം ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ഇറ്റാലിയന്‍ സൂപ്പര്‍ താരം ലിയനാര്‍ഡോ ബൊണൂച്ചി എന്നിവരെ സെന്റര്‍ ബാക്കായും ഷ്വെയ്ന്‍സ്റ്റീഗര്‍ തെരഞ്ഞെടുത്തു.

1990 ലോകകപ്പില്‍ വെസ്റ്റ് ജര്‍മനിയെ ലോകകിരീടം ചൂടിച്ച ലോഥര്‍ മാഥൗസ്, രണ്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവും ഫ്രാന്‍സിന്റെ ഇതിഹാസ താരവുമായ സിനദിന്‍ സിദാന്‍ എന്നിവരെയാണ് മധ്യനിരയുടെ നെടുനായകത്വമേല്‍പ്പിക്കുന്നത്.

ഇവര്‍ക്കൊപ്പം മധ്യനിരയില്‍ കളി മെനയാന്‍ ബയേണ്‍ ശക്തികളെയാണ് ഷ്വെയ്ന്‍സ്റ്റീഗര്‍ തെരഞ്ഞെടുക്കുന്നത്. തോമസ് മുള്ളറും ഫ്രാങ്ക് റിബറിയുമാണ് മറ്റ് മിഡ്ഫീല്‍ഡര്‍മാര്‍.

ഫ്രാന്‍സ് ലെജന്‍ഡും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയെ ഇതിഹാസത്തിലേക്കുയര്‍ത്തുകയും ചെയ്ത എറിക് കാന്റോണ, അസൂറികളുടെ ഇതിഹാസം റോബര്‍ട്ടോ ബാജിയോ എന്നിവരെയാണ് മുന്നേറ്റ നിരയില്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ കളത്തിലിറക്കുന്നത്.

പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് ഓണറബിള്‍ മെന്‍ഷന്‍ നല്‍കി സബ്‌സ്റ്റ്റ്റിയൂട്ടായാണ് അദ്ദേഹം കളത്തിലിറക്കുന്നത്.

 

ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറിന്റെ ഗ്രേറ്റസ്റ്റ് ഇലവന്‍ ഓഫ് ഓള്‍ ടൈം:

മാനുവല്‍ നൂയര്‍, ഫിലിപ് ലാം, റോബര്‍ട്ടോ കാര്‍ലോസ്, ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ലിയനാര്‍ഡോ ബൊണൂച്ചി, സിനദിന്‍ സിദാന്‍, ലോഥര്‍ മഥൗസ്, തോമസ് മുള്ളര്‍, ഫ്രാങ്ക് റിബറി, എറിക് കാന്റോണ, റോബര്‍ട്ടോ ബാജിയോ

സബ്: റോബര്‍ട്ട് ലെവന്‍ഡോസ്‌കി

 

Content Highlight: Bastian Schweinsteiger’s Greatest XI of all time

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.