ഫലസ്തീന് ഐക്യദാർഢ്യം; കഫിയ ധരിച്ച് വാർത്താ സമ്മേളനത്തിലെത്തി അമേരിക്കൻ ബാസ്കറ്റ് ബോൾ താരം
World News
ഫലസ്തീന് ഐക്യദാർഢ്യം; കഫിയ ധരിച്ച് വാർത്താ സമ്മേളനത്തിലെത്തി അമേരിക്കൻ ബാസ്കറ്റ് ബോൾ താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th November 2023, 9:20 pm

ന്യൂയോർക്ക്: ഫലസ്തീന് ഐക്യദാർഢ്യവുമായി വാർത്താ സമ്മേളനത്തിൽ ഫലസ്തീനി പരമ്പരാഗത വേഷമായ കഫിയ ധരിച്ച് ഓസ്ട്രേലിയൻ – അമേരിക്കൻ ബാസ്കറ്റ് ബോൾ താരം കൈറി ഇർവിങ്.

മത്സര ശേഷമുള്ള വാർത്താ സമ്മേളനം കഴിയുന്നത് വരെ ഇർവിങ് കഫിയ അഴിച്ചിരുന്നില്ല. അതേസമയം കഫിയ ധരിച്ചതുമായി ബന്ധപ്പെട്ട് ഇർവിങ്ങിനോട്‌ ചോദ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മത്സര സംബന്ധമായ കാര്യങ്ങൾ മാത്രമാണ് താരം സംസാരിച്ചത്.

‘അടിച്ചമർത്തപ്പെട്ടവർക്കൊപ്പം നിൽക്കുന്ന ആളുകൾക്ക് വേണ്ടി സംസാരിക്കുന്നവരെ ടി.വിയിലും സമൂഹ മാധ്യമങ്ങളിലും അപലപിക്കുന്ന മാധ്യമ മേധാവികൾ എവിടെ?

മനുഷ്യത്വത്തിനെതിരെ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ നിങ്ങളിൽ ഭൂരിപക്ഷം ആളുകളും നിശബ്ദരാണ്. നിങ്ങളുടെ നാവ് പൂച്ച വിഴുങ്ങിയോ? അല്ലെങ്കിൽ സത്യത്തിനൊപ്പം നിൽക്കാൻ നിങ്ങൾക്ക് ഭയമാണ്,’ നേരത്തെ എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ ഇർവിങ് പറഞ്ഞിരുന്നു.

നിലവിൽ മാവെറിക്സ് ടീമിലെ അംഗമാണ് ഇർവിങ്. എട്ട് തവണ എൻ.ബി.എ ഓൾസ്റ്റാറായ അദ്ദേഹം ലീഗിലെ പ്രധാന താരങ്ങളിലൊരാളാണ്.

സമൂഹ മാധ്യമങ്ങളിൽ ഇതിനകം ഇർവിങ്ങിന്റെ വേഷം വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയെ സ്വാഗതം ചെയ്തുകൊണ്ടും ആന്റി സെമിറ്റിക് എന്ന് വിമർശിച്ചും ആളുകൾ രംഗത്ത് വന്നു.

എൻ.ബി.എയും മാവെറിക്സും ഇസ്രഈൽ അനുകൂല നിലപാട് തുടരുമ്പോഴാണ് ഇർവിങ് കഫിയ ധരിച്ച് ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്.

Content Highlight: Basketball player Kyrie Irving dons keffiyeh during post-match presser