ഉറങ്ങിയത് മതി, ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചവനെ കൊണ്ടുവാ, അവന്‍ സഹായിക്കും; ക്രിക്കറ്റ് ബോര്‍ഡിനെതിരെ പാക് സൂപ്പര്‍ താരം
Champions Trophy
ഉറങ്ങിയത് മതി, ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചവനെ കൊണ്ടുവാ, അവന്‍ സഹായിക്കും; ക്രിക്കറ്റ് ബോര്‍ഡിനെതിരെ പാക് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th January 2025, 7:09 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുമ്പ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. ടൂര്‍ണമെന്റിന് മുന്നോടിയായി എല്ലാ ടീമുകളും മുന്നൊരുക്കം ആരംഭിച്ചെന്നും എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉറങ്ങുകയാണെന്നും ബാസിത് അലി വിമര്‍ശിച്ചു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ മുന്‍ നായകന്‍ സര്‍ഫറാസ് ഖാനെ മെന്ററായി നിയമിക്കണമെന്നും ബാസിത് അലി അഭിപ്രായപ്പെട്ടു. ടൂര്‍ണമെന്റില്‍, പ്രത്യേകിച്ചും ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ സര്‍ഫറാസിന്റെ സേവനം ടീമില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാസിത് അലി

 

ഇതിന് മുമ്പ് നടന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ സര്‍ഫറാസിന് കീഴിലാണ് പാകിസ്ഥാന്‍ കിരീടമുയര്‍ത്തിയത്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ ആയിരുന്നു പാക് പട പരാജയപ്പെടുത്തിയത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കൂടിയാണ് 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ പിറവിയെടുത്തത്.

‘ഈ മത്സരത്തില്‍ സര്‍ഫറാസിന്റെ നിര്‍ദേശങ്ങള്‍ ഫലം കാണും. അവരെ (ഇന്ത്യ) തോല്‍പിച്ച് കിരീടമുയര്‍ത്തിയതിന്റെ അനുഭവ സമ്പത്ത് സര്‍ഫറാസിനുണ്ട്,’ ബാസിത് അലി പറഞ്ഞു.

പാകിസ്ഥാന്‍ ടീം ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായി

സര്‍ഫറാസ് അഹമ്മദ്

മറ്റ് ടീമുകള്‍ ഉപദേശകരെയടക്കം നിയമിച്ച് പരിശീലനം തുടങ്ങിയ സാഹചര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെയും ബാസിത് അലി വിമര്‍ശനമുന്നയിച്ചു. അഫ്ഗാനിസ്ഥാനെ ഉദാഹരിച്ചുകൊണ്ടാണ് ബാസിത് അലി പി.സി.ബിയെ വിമര്‍ശിച്ചത്.

അഫ്ഗാനിസ്ഥാന്‍ പാക് ഇതിഹാസം യൂനിസ് ഖാനെ നേരത്തെ മെന്ററായി നിയമിച്ചിരുന്നു.

‘അഫ്ഗാനിസ്ഥാന്‍ ഇതിഹാസതുല്യനായ യൂനിസ് ഖാനെ മെന്ററായി നിയമിച്ചിരിക്കുകയാണ്, അത് വളരെ മികച്ച ഒരു ചോയ്‌സാണ്, പാകിസ്ഥാനിലെ ആളുകള്‍ ഉറങ്ങുകയാണ്, ക്രിക്കറ്റ് ബോര്‍ഡും,’ ബാസിത് അലി പറഞ്ഞു.

യൂനിസ് ഖാന്‍

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് താളം കണ്ടെത്താന്‍ സാധിക്കാറില്ല. 2017 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം 2021 ടി-20 ലോകകപ്പില്‍ മികച്ച വിജയം നേടിയെങ്കിലും ശേഷം പരാജയം മാത്രമായിരുന്നു ഫലം.

2022 ടി-20 ലോകകപ്പിലും 2024 ടി-20 ലോകകപ്പിലും വിജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു പാകിസ്ഥാന്റെ പരാജയം. 2022ല്‍ വിരാട് കോഹ്‌ലിയുടെയും 2024ല്‍ ജസ്പ്രീത് ബുംറയുടെയും പ്രകടനം വിന്‍ പ്രഡിക്ടറിനെ പോലും അപ്രസക്തമാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

 

ഇന്ത്യ ആതിഥേയരായ 2023 ഏകദിന ലോകകപ്പിലും പാകിസ്ഥാന് പരാജയം മാത്രമാണ് നേരിടേണ്ടി വന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലും ഉഇന്ത്യയ്ക്കാണ് സാധ്യതകള്‍ കല്‍പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബാസിത് അലി സര്‍ഫറാസിനെ ടീമിന്റെ ഭാഗമാക്കാന്‍ ആവശ്യപ്പെടുന്നത്.

ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

 

 

Content Highlight: Basit Ali wants PCB to appoint Sarfaraz Ahmed as Pakistan’s mentor for ICC Champions Trophy