ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിക്ക് ഇടം ലഭിക്കാത്തതിനെതിരെ വിമര്‍ശനവുമായി മുന്‍ പാക് താരം ബാസിത് അലി. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് സെലക്ടര്‍മാര്‍ക്ക് പറ്റിയ വലിയ അബദ്ധമാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് അനുഭവിക്കേണ്ടിവരുമെന്നും ബാസിത് അലി പറഞ്ഞു. ക്രിക്കറ്റ് ഇന്‍സൈറ്റ് വിത്ത് ബാസിത് അലി എന്ന തന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.

‘ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയുടെ പേര് കാണുന്നില്ല. ഷമി എവിടെയാണ്? ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായിരുന്നിട്ടും അദ്ദേഹത്തിന് ടീമില്‍ ഇടം ലഭിച്ചില്ല. ഷമിക്കായി ടീമിലേക്കുള്ള വാതില്‍ അടഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്. ഇനി അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണെന്നാണ് തോന്നുന്നത്.

ഇന്ത്യന്‍ സെലക്ടര്‍മാര്‍ വലിയൊരു പിഴവാണ് വരുത്തിയിരിക്കുന്നത്. തങ്ങളുടെ തെറ്റ് അവര്‍ വളരെ വൈകാതെ തിരിച്ചറിയും. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നഷ്ടമാണ്. ഈ നഷ്ടം ഷമിയുടേത് മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിനാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരിക,’ ബാസിത് അലി പറഞ്ഞു.

2025 മാര്‍ച്ചിലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിയ ആഭ്യന്തര മത്സരങ്ങളില്‍ അദ്ദേഹം കളിച്ചു.

രഞ്ജി ട്രോഫിയില്‍ നാല് മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റ് വീഴ്ത്തിയ ഷമി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 16 വിക്കറ്റും വിജയ് ഹസാരെ ട്രോഫിയിലെ അഞ്ച് മത്സരത്തില്‍ നിന്ന് 11 വിക്കറ്റും കഴിഞ്ഞ സീസണില്‍ വീഴ്ത്തി. ഇന്ത്യയ്ക്ക് വേണ്ടി 2023ലെ ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ഷമി നടത്തിയതും. ന്യൂസിലാന്‍ഡിനെതിരായ സെമിയില്‍ ഏഴ് വിക്കറ്റുകള്‍ താരം നേടിയിരുന്നു.

Content Highlight: Basit Ali Talking About Indian Pacer Mohammed Shami