ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. പാകിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ടൂര്‍ണമെന്റിലെ ആദ്യ മത്സരം പാകിസ്ഥാനും ന്യൂസിലാന്‍ഡും തമ്മിലാണ്.
പാകിസ്ഥാന്‍ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം ടീമിന് വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി.
ഒരിക്കലും ബാബറിനെ ഓപ്പണിങ് ഇറക്കരുതെന്ന് പറഞ്ഞ് ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ് ബാസിത് അലി. ബാബറിനെ ഒരു ‘ബലിയാടാക്കരുതെന്നാണ്’ ബാസിത് അലി ടീം മാനേജ്‌മെന്റിനോട് പറഞ്ഞത്. ഒരു വീഡിയോയില്‍ തന്റെ ചിന്തകള്‍ പങ്കുവെക്കുകയായിരുന്നു മുന്‍ പാക് താരം.
‘നമ്മള്‍ ബാബര്‍ അസമിനെ ബലിയാടാക്കരുത്. ന്യൂസിലന്‍ഡില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന രണ്ട് പുതിയ ഫാസ്റ്റ് ബൗളര്‍മാര്‍ ഉണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പാകിസ്ഥാന്റെ ഉദ്ഘാടന മത്സരം ന്യൂസിലാന്‍ഡിനെതിരെയാണ്. ബാബര്‍ നേരത്തെ പുറത്തായാല്‍ സ്റ്റേഡിയം മുഴുവന്‍ നിശബ്ദമാകും, മത്സരത്തില്‍ പിരിമുറുക്കം പ്രകടമാകും.
ബാബര്‍ അസമും ഫഖര്‍ സമാനും റണ്‍സ് നേടുന്നതില്‍ പരാജയപ്പെട്ടാല്‍ ഓപ്പണ്‍ ചെയ്യാന്‍ ആരാണ് മുന്നോട്ട് പോകുന്നത്? നിര്‍ണായക മത്സരങ്ങളില്‍ സ്‌പെഷ്യലിസ്റ്റുകള്‍ ഉണ്ടായിരിക്കുന്നതാണ് നല്ലത്. ഒരു മികച്ച ഓപ്പണര്‍ ഇല്ലാത്തത് പാകിസ്ഥാന്റെ പ്രശ്‌നമാണ്,’ ബാസിത് അലി.
Content Highlight: Basit Ali Talking About Babar Azam