പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ പാക് സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം, ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. സീരീസ് ഡിസൈഡര്‍ മത്സരത്തിലടക്കം മോശം പ്രകടനം പുറത്തെടുത്തതോടെയാണ് ഇരുവര്‍ക്കുമെതിരെ ബാസിത് അലി പരസ്യമായി രംഗത്തെത്തിയത്.

‘രണ്ട് പേരും പരിശീലകര്‍ പറയുന്നത് ഒന്നും തന്നെ കേള്‍ക്കാറില്ല. ബാറ്റിങ് കോച്ച് ഓരോ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ അത് കേട്ടുവന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് ഇരുവരും ചെയ്യാറുള്ളത്.

ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസുഫ്, യൂനിസ് ഖാന്‍ എന്നിവരെ പോലുള്ള ആരെങ്കിലുമൊരാള്‍ ഇവര്‍ക്ക് നേര്‍വഴി പറഞ്ഞുകൊടുക്കേണ്ടതുണ്ട്. എന്നാല്‍ ഇങ്ങനെ ആരും തന്നെ ചെയ്യില്ല എന്ന് അവര്‍ക്കറിയാം, കാരണം ഇങ്ങനെ ചെയ്യാന്‍ മുമ്പ് ആരെയും തന്നെ അവര്‍ അനുവദിച്ചിരുന്നില്ല,’ ഗെയിം പ്ലാന്‍ യൂട്യൂബ് ചാനലില്‍ ബാസിത് അലി പറഞ്ഞു.

ബാബറും റിസ്വാനും മോശം പ്രകടനങ്ങള്‍ തുടരുകയാണെന്ന് വിമര്‍ശിച്ച ബാസിത്, ഇരുവരും ഇനി പരസ്യങ്ങളില്‍ അഭിനയിക്കട്ടെ എന്നും വിമര്‍ശിച്ചു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച് ലീഡ് നേടിയ പാകിസ്ഥാന്‍ അടുത്ത രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് പരമ്പര അടിയറവ് വെക്കുകയായിരുന്നു.

ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 202 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് വിന്‍ഡീസ് നേടിയത്.വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 295 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ വെറും 92 റണ്‍സിന് പുറത്തായി.

ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 94 പന്ത് നേരിട്ട താരം പുറത്താകാതെ 120 റണ്‍സ് അടിച്ചെടുത്തു. പത്ത് ഫോറും അഞ്ച് സിക്സറും അടക്കം 127.65 സ്ട്രൈക്ക് റേറ്റിലാണ് ക്യാപ്റ്റന്‍ കൂടിയായ ഹോപ്പ് റണ്ണടിച്ചുകൂട്ടിയത്.