ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സൂപ്പര്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, യശസ്വി ജെയ്‌സ്വാള്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. ഇവര്‍ പാകിസ്ഥാനിലായിരുന്നെങ്കില്‍ തീര്‍ച്ചയായും ‘എ’ കാറ്റഗറിയില്‍ ഇടം പിടിക്കുമായിരുന്നു എന്നായിരുന്നു ബാസിത് അലി പറഞ്ഞത്.
‘മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവര്‍ പാകിസ്ഥാനിലായിരുന്നെങ്കില്‍ തീര്‍ച്ചയായും എ കാറ്റഗറയില്‍ ഇടം നേടുമായിരുന്നു,’ ബാസിത് അലി പറഞ്ഞു.
ബി.സി.സി.ഐ ശ്രേയസ് അയ്യര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും ബാസിത് അലി കൂട്ടിച്ചേര്‍ത്തു.
‘ശ്രേയസ് അയ്യരിനെ ഒട്ടും ബഹുമാനമില്ലാതെയാണ് ഇന്ത്യ പരിഗണിച്ചത്. അവന്‍ തീര്‍ച്ചയായും ടീമിലുണ്ടാകണമായിരുന്നു,’ ബാസിത് അലി കൂട്ടിച്ചേര്‍ത്തു.
ശ്രേയസ് അയ്യരിനെ എന്തുകൊണ്ട് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല എന്നതില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വിശദീകരണം നല്‍കിയിരുന്നു.
‘ശ്രേയസ് അയ്യരുടെ കാര്യമെടുക്കുകയാണെങ്കില്‍, നിങ്ങള്‍ പറയണം ആരെയാണ് റീപ്ലേസ് ചെയ്യാന്‍ സാധിക്കുകയെന്ന്. ഇതൊരിക്കലും അവന്റെ തെറ്റല്ല. ഞങ്ങളുടേതുമല്ല. നിലവില്‍ 15 താരങ്ങളെ മാത്രമേ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യവും മനസിലാക്കണം. ശ്രേയസ് അവന്റെ അവസരത്തിനായി കാത്തിരിക്കണം,’ എന്നായിരുന്നു അഗാര്‍ക്കര്‍ പറഞ്ഞത്.
ശ്രേയസിന് പുറമെ യശസ്വി ജെയ്സ്വാളിനെ ടീമിലെടുക്കാത്തതിനെ കുറിച്ചും അഗാര്‍ക്കര്‍ സംസാരിച്ചു.
‘ജെയ്സ്വാളിന്റെ കാര്യമെടുക്കുകയാണെങ്കില്‍, ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമെന്ന് പറയേണ്ടി വരും. അഭിഷേക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനൊപ്പം തന്നെ അവന്‍ ചെറിയ തോതില്‍ പന്തെറിയുകയും ചെയ്യും. ഇവരില്‍ ഒരാള്‍ തീര്‍ച്ചയായും പുറത്താകുമെന്ന് ഉറപ്പായിരുന്നു. ജെയ്സ്വാള്‍ അവന്റെ അവസരത്തിനായി കാത്തിരിക്കണം,’ അഗാര്‍ക്കര്‍ പറഞ്ഞു.
ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.
സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.
Content highlight: Basit Ali on Mohammed Shami, Mohammed Siraj, Shreyas Iyer and Yashasvi Jaiswal’s omission in India’s Asia Cup squad