തോല്‍വിയുടെ ക്രെഡിറ്റ് ഗില്ലിന്, അവന്‍ സ്‌കൂളില്‍ പോയി ക്യാപ്റ്റന്‍സി പഠിക്കട്ടെ; രൂക്ഷ വിമര്‍ശനവുമായി ബാസിത് അലി
Cricket
തോല്‍വിയുടെ ക്രെഡിറ്റ് ഗില്ലിന്, അവന്‍ സ്‌കൂളില്‍ പോയി ക്യാപ്റ്റന്‍സി പഠിക്കട്ടെ; രൂക്ഷ വിമര്‍ശനവുമായി ബാസിത് അലി
ശ്രീരാഗ് പാറക്കല്‍
Tuesday, 20th January 2026, 7:09 am

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. ഇന്ത്യയുടെ തോല്‍വിയുടെ ക്രഡിറ്റ്
ഗില്ലിനാണെന്ന് ബാസിത് അലി പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും ഇല്ലാതിരുന്നിട്ടും ഇന്ത്യ വിജയിച്ചിരുന്നെന്നും മുഹമ്മദ് ഷമിയെപ്പോലെയുള്ള ബൗളര്‍മാരോട് ഇന്ത്യ താത്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുണ്ടായിട്ടും നിതീഷ്‌കുമാര്‍ റെഡ്ഡിക്ക് അവസരം ലഭിച്ചെന്നും മുന്‍ പാക് താരം ചൂണ്ടിക്കാട്ടി. മാത്രമല്ല ഗില്‍ സ്‌കൂളില്‍ പോയി ക്യാപ്റ്റന്‍സി പഠിക്കട്ടെയെന്നും ബാസിത് കൂട്ടിച്ചേര്‍ത്തു.

ശുഭ്മന്‍ ഗില്‍ പത്രസമ്മേളനത്തിനിടയില്‍

‘ഇന്ത്യന്‍ ക്യാപ്റ്റന്‍ മിസ്റ്റര്‍ ഗില്ലിനും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കുമാണ് ക്രെഡിറ്റ്. ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും ഇല്ലാതിരുന്നിട്ടും ഇന്ത്യ വിജയിച്ചിരുന്നു. ടീമില്‍ ഷമിയെ പോലും അവര്‍ക്ക് തെരഞ്ഞടുക്കാന്‍ താത്പര്യമില്ല. ഇന്ത്യയുടെ ശക്തി വിരാട് കോഹ്‌ലിയിലും രോഹിത് ശര്‍മയിലുമാണ്. രാഹുല്‍ രണ്ട് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്‌തെങ്കിലും മൂന്നാം മത്സരത്തില്‍ വളരെ മോശം രീതിയില്‍ അവന്‍ പുറത്തായി.

ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് 300+ നേടിയപ്പോഴെ അവര്‍ ലക്ഷ്യം നിശ്ചയിച്ചിരുന്നു. പേസര്‍മാരെ കൂടാതെ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമായിരുന്നു ഇന്ത്യയുടെ പ്രധാന ബൗളര്‍മാര്‍. നിങ്ങള്‍ക്ക് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുണ്ടായിരുന്നു, പക്ഷേ അവര്‍ക്കുമുമ്പ് നിതീഷ് കുമാര്‍ റെഡ്ഡിക്ക് പന്ത് ലഭിച്ചു.

ശുഭ്മന്‍ ഗില്‍ ഷാന്‍ മസൂദിനെ പകര്‍ത്തുകയായിരുന്നു. ഡ്രസ്സിങ് റൂമില്‍ നിന്നുള്ള സന്ദേശം മാത്രമാണ് അദ്ദേഹം പിന്തുടരുന്നത്. നിങ്ങള്‍ക്ക് നേരത്തെയുള്ള മുന്നേറ്റങ്ങള്‍ ആവശ്യമാണ്. ഒരു സല്യൂട്ട് കൊടുക്കണം, അവന്‍ സ്‌കൂളില്‍ പോയി ക്യാപ്റ്റന്‍സി പഠിക്കട്ടെ,’ ബാസിത് അലി ദി ഗെയിം പ്ലാന്‍’ എന്ന യൂട്യൂബ് ഷോയില്‍ അഭിപ്രായപ്പെട്ടു.

മത്സരത്തില്‍ 18 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 23 റണ്‍സാണ് ഗില്‍ നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് 71 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 53 പന്തില്‍ 56 റണ്‍സ് നേടിയാണ് ഗില്‍ മികവ് പുലര്‍ത്തിയത്.

ചരിത്രത്തിലാദ്യമായാണ് ന്യൂസിലാന്‍ഡ് ഒരു ഏകദിന പരമ്പര ഇന്ത്യന്‍ മണ്ണില്‍ സ്വന്തമാക്കുന്നത്. സീരീസ് ഡിസൈഡറില്‍ 41 റണ്‍സിനാണ് സന്ദര്‍ശകരുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഇന്ത്യയ്ക്ക് മുന്നില്‍ 338 റണ്‍സിന്റെ വിജലക്ഷ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

 

Content Highlight: Basit Ali Criticize Indian Captain Shubhman Gill

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ