സഹ സംവിധായകനായി കടന്നുവന്ന് മലയാളികള്‍ക്ക് ജനപ്രിയനായ സംവിധായകനും നടനുമായ വ്യക്തിയാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളിലൂടെ തന്നെ മികച്ച സംവിധായകന്‍ എന്ന രീതിയില്‍ വളരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2021ല്‍ പുറത്തുവന്ന മിന്നല്‍ മുരളി അദ്ദേഹത്തിന് അന്യഭാഷകളിലും ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. ഈ വര്‍ഷമിറങ്ങിയ പൊന്മാന്‍ എന്ന ചിത്രം ബേസിലിലെ നടനെ അടയാളപ്പെടുത്തുന്നതായിരുന്നു.
2021 ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളിയായിരുന്നു ബേസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. നാല് വര്‍ഷത്തിനിപ്പുറം താന്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് സംവിധാനത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമ ശക്തിമാന്‍ ആയിരിക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ഐകോണിക് ഇന്ത്യന്‍ സൂപ്പര്‍ഹീറോ ടെലിവിഷന്‍ ഷോയാണ് ശക്തിമാന്‍. ബോളിവുഡ് ഇതിഹാസം മുകേഷ് ഖന്നയാണ് ഇതില്‍ ശക്തിമാനായി എത്തിയത്. മുകേഷ് ഖന്ന അവതരിപ്പിച്ച സൂപ്പര്‍മാന്‍ വേഷത്തില്‍ രണ്‍വീര്‍ സിങ്ങായിരിക്കും എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബേസിലിന്റെ ഭാഗത്ത് നിന്നോ ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നോ യാതൊരുവിധത്തിലുള്ള സ്ഥിരീകരണവും ഈ വിഷയത്തില്‍ വന്നിരുന്നില്ല.
എന്നാല്‍ രണ്‍വീര്‍ സിങ്ങിന് പകരം അല്ലു അര്‍ജുനെ നായകനാക്കിയാകും ബേസില്‍ സിനിമ ചെയ്യുക എന്ന അഭ്യൂഹങ്ങളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം ഊഹാപോഹങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്. തന്റെ അടുത്ത സിനിമയില്‍ അല്ലു അര്‍ജുന്‍ ആയിരിക്കില്ലെന്ന് ബേസില്‍ വ്യക്തമാക്കി. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി മാത്രമേ ശക്തിമാന്‍ ഒരുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.