മിന്നല്‍ മുരളിയിലെ ആഫ്രിക്കന്‍ സംഗീതം ഉണ്ടായതിങ്ങനെ, കുട്ടികളോടൊപ്പം സുഷിന്‍; വീഡിയോ പങ്കുവെച്ച് ബേസില്‍
Entertainment news
മിന്നല്‍ മുരളിയിലെ ആഫ്രിക്കന്‍ സംഗീതം ഉണ്ടായതിങ്ങനെ, കുട്ടികളോടൊപ്പം സുഷിന്‍; വീഡിയോ പങ്കുവെച്ച് ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st December 2021, 4:33 pm

മിന്നല്‍ മുരളിയില്‍ ഏറ്റവും കൂടുതല്‍ പ്രശംസ പിടിച്ചു പറ്റിയ ഒന്നായിരുന്നു സിനിമയിലെ പാട്ടുകളും പശ്ചാത്തലസംഗീതവും. ഷാന്‍ റഹ്മാനും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്.

സിനിമയിലെ നാട്ടിന്‍പുറത്തിന് ചേരുന്ന ഗാനങ്ങളെ കുറിച്ചും പശ്ചാത്തല സംഗീതത്തെ കുറിച്ചും വളരെ മികച്ച അഭിപ്രായമാണുയരുന്നത്. പ്രത്യേകിച്ചും ചിത്രത്തിന്റെ ടേണിംഗ് പോയിന്റായ ഉഷയും ഷിബുവും തമ്മിലുള്ള പ്രണയരംഗങ്ങളില്‍ ഉപയോഗിച്ച ഗാനം സംഗീതത്തിന്റെ ഒരു സിനിമയെ എത്രത്തോളം ഉയര്‍ത്താനാവുമെന്ന് കാണിച്ചു തന്നു.

ഇതോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ജെയ്‌സണും ഷിബുവും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളിലെ ആഫ്രിക്കന്‍ സംഗീതത്തോട് സമാനമായ പശ്ചാത്തലസംഗീതം.

ഈ പശ്ചാത്തല സംഗീതം കമ്പോസ് ചെയ്യുന്ന സുഷിന്റെ വീഡിയോയാണ് ബേസില്‍ പങ്കുവെച്ചിരിക്കുന്നത്. ഏതാനും കുട്ടികളാണ് ഈ പശ്ചാത്തലസംഗീതത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. കുട്ടികള്‍ പാടുന്നത് കേട്ട് ആസ്വദിച്ച് തലയാട്ടുന്ന സുഷിനേയും വീഡിയോയില്‍ കാണാം.

കഴിഞ്ഞ 24 നായിരുന്നു മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സിലൂടെ റീലീസ് ചെയ്തത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്‌സില്‍ ലഭ്യമാക്കിയത്. നിരവധി ഭാഷകളില്‍ സിനിമ കാണാന്‍ സാധിച്ചത് തന്നെയാണ് ഇന്ത്യ മുഴുവന്‍ മിന്നല്‍ മുരളി ചര്‍ച്ചയാവാന്‍ ഉള്ള കാരണവും.

ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിച്ചത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും തമിഴ് സംവിധായകന്‍ വെങ്കട് പ്രഭുവുമെല്ലാം മിന്നല്‍ മുരളിയെ അഭിനന്ദിച്ചെത്തിയിരുന്നു.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു. ടൊവിനോ തോമസ്, അജു വര്‍ഗീസ്, ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: basil joseph shares a video of sushin shan composing background score for minnal murali