എന്നെ പറഞ്ഞ് വീഴ്ത്തിയിട്ടാണ് നഹാസ് ഒപ്പം കൂടിയത്; ആര്‍.ഡി.എക്‌സ് പോലൊരു പടം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല: ബേസില്‍ ജോസഫ്
Movie Day
എന്നെ പറഞ്ഞ് വീഴ്ത്തിയിട്ടാണ് നഹാസ് ഒപ്പം കൂടിയത്; ആര്‍.ഡി.എക്‌സ് പോലൊരു പടം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th November 2023, 3:02 pm

അസിസ്റ്റന്റ് ഡയറക്ടറായി തനിക്കൊപ്പം പ്രവര്‍ത്തിച്ച സമയത്തെ നഹാസ് ഹിദായത്തിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. അസിസ്റ്റന്റ് ഡയറക്ടറായി വന്നവരില്‍ ആദ്യം സിനിമ ചെയ്യാന്‍ പോകുന്നത് നഹാസ് ആയിരിക്കുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും ഒരു ടീമിനെ നന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ അവന് അറിയാമെന്നുമായിരുന്നു ബേസില്‍ പറഞ്ഞത്.

നന്നായി സംസാരിക്കാന്‍ അറിയുന്ന, കാര്യങ്ങള്‍ കോഡിനേറ്റ് ചെയ്യാന്‍ കഴിയുന്ന ആളാണ് നഹാസെന്നും തന്നെ സംസാരത്തിലൂടെയാണ് നഹാസ് പറഞ്ഞു വീഴ്ത്തിയതെന്നും ബേസില്‍ രസകരമായി പറഞ്ഞു. ഫിലിം കമ്പാനിയന് സംഘടിപ്പിച്ച ‘എ ഇയര്‍ ഓഫ് ഹോപ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.

നഹാസ് സെറ്റാണെന്നും ഇനി സ്വന്തമായി സിനിമയെടുക്കാന്‍ പറ്റുമെന്നും ബേസിലിന് തോന്നാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് കൂടെയുള്ളതില്‍ ആദ്യം സിനിമ ചെയ്യുക നഹാസ് ആണെന്ന തോന്നല്‍ തനിക്കുണ്ടായിരുന്നു എന്നാണ് ബേസില്‍ മറുപടി നല്‍കിയത്.

‘നന്നായിട്ട് സംസാരിക്കുന്ന പോലെ തന്നെ ആളുകളെ എങ്ങനെ ഡീല്‍ ചെയ്യണമെന്ന് നഹാസിന് അറിയാമായിരുന്നു. അങ്ങനെയാണ് നഹാസ് എന്റെ കൂടെ കൂടിയത് തന്നെ. എന്നെ പറഞ്ഞുവീഴ്ത്തിയിട്ട് (ചിരി). നന്നായിട്ട് ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണ്. വെറുതെ ഒന്നും വിട്ടുകളയില്ല. നഹാസ് ആര്‍.ഡി.എക്‌സ് പോലൊരു സിനിമ ചെയ്യുമെന്ന് ഞാന്‍ വിചാരില്ല. ഇതുപോലൊരു പടം ഞാന്‍ പ്രതീക്ഷിച്ചില്ല എന്ന് തന്നെ പറയാം.

സിനിമ കണ്ട ശേഷം, ‘എന്റെ അളിയാ നീ പൊളിച്ച് ഇങ്ങനെ ഒരു ഔട്ട് നീ കൊണ്ടുവരുമെന്ന് ഞാന്‍ വിചാരിച്ചില്ല’ എന്നാണ് ഞാന്‍ അവനെ വിളിച്ച് പറഞ്ഞത്. ഞാന്‍ പ്രതീക്ഷിച്ചതിന്റെയൊക്കെ എത്രയോ മുകളിലായിരുന്നു ആര്‍.ഡി.എക്‌സ്. നഹാസ് സിനിമ ചെയ്യുമെന്ന് വിചാരിച്ച എന്നെ അത്രയും നല്ല സിനിമ ചെയ്തത് ബീറ്റ് ചെയ്തുകളഞ്ഞു അവന്‍. ഗോദയ്ക്ക് ശേഷമുള്ള ആറ് വര്‍ഷം കൊണ്ട് നഹാസ് എത്രയോ വളര്‍ന്നു. അതില്‍ ഒരുപാട് ഇംപ്രസ്ഡ് ആയിരുന്നു ഞാന്‍’, ബേസില്‍ പറഞ്ഞു.

ഒരുപാട് പടം അസിസ്റ്റ് ചെയ്യേണ്ടെന്ന് താന്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നെന്നായിരുന്നു നഹാസ് ഇതോടെ പറഞ്ഞത്. ഒരുപാട് പടങ്ങള്‍ വര്‍ക്ക് ചെയ്ത് പോകുന്തോറും സിനിമയുടെ ഡിഫിക്കല്‍ട്ടീസ് നമുക്ക് മനസിലാകും. ഓരോന്ന് അറിയുന്തോറും സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ നമ്മള്‍ മിനിമലാക്കാനും കോംപ്രമൈസ് ആക്കാനും തുടങ്ങും.

ബേസിലേട്ടനൊപ്പമുള്ള ഒറ്റ പടം കൊണ്ട് തന്നെ ഞാന്‍ കാര്യങ്ങള്‍ പഠിച്ചിരുന്നു. ഗോദയില്‍ തിരക്കഥയുടെ സമയം മുതല്‍ ഏതാണ്ട് ഒന്‍പത് മാസത്തോളം ഞാന്‍ കൂടെയുണ്ടായിരുന്നു. ഒരു ക്രൂവിനെ എങ്ങനെ കണ്‍ട്രോള്‍ ചെയ്യണം, പ്രൊഡ്യൂസറെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണം എല്ലാം പഠിച്ചു.

സെറ്റില്‍ എന്ത് പ്രശ്‌നം നടന്നാലും നമ്മള്‍ അറിയും. ബേസിലേട്ടന്‍ ഒന്നും മനസില്‍ വെക്കുന്ന ആളല്ല. എല്ലാ കാര്യങ്ങളും നമ്മളോടു പറയും. കാര്യങ്ങള്‍ അറിയുന്തോറും നമുക്ക് ടെന്‍ഷന്‍ കൂടും. അതുകൊണ്ട് തന്നെ അധികം കാര്യങ്ങള്‍ അറിയേണ്ടെന്ന് തീരുമാനിച്ചിരുന്നു.

പിന്നെ സ്വന്തമായി ഡയറക്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന ആളാണ് ബേസിലേട്ടന്‍. ഷോട്ട് ഫിലിമൊക്കെ ചെയ്തതുകൊണ്ട് ഡയറക്ഷന്‍ എന്താണ് പരിപാടിയെന്ന് അറിയാം. പിന്നെ സെറ്റ് പഠിക്കുക എന്നതാണ്. അതിന് അതിലേക്ക് ഇറങ്ങുക തന്നെ വേണം. അങ്ങനെ ഇറങ്ങി,’ നഹാസ് പറഞ്ഞു.

Content Highlight: Basil Joseph about Nahas Hidayath and RDX Movie