ബര്‍ക്കാ ദത്ത് എന്‍.ഡി.ടി.വിയില്‍ നിന്നും പടിയിറങ്ങുന്നു
Daily News
ബര്‍ക്കാ ദത്ത് എന്‍.ഡി.ടി.വിയില്‍ നിന്നും പടിയിറങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th February 2015, 8:32 pm

barkha
ന്യൂദല്‍ഹി: രാജ്യത്തെ മുന്‍നിര മാധ്യമ പ്രവര്‍ത്തകയായ ബര്‍ക്കാ ദത്ത് എന്‍.ഡി.ടി.വി ഗ്രൂപ്പ് എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞു. സ്വന്തം നിലക്ക് പുതുതായി മാധ്യമ സ്ഥാപനം തുടങ്ങുന്നതിന് വേണ്ടിയാണ് ബര്‍ക്ക എന്‍.ഡി.ടി.വിയുടെ സാരഥ്യം ഒഴിയുന്നത്. എന്നാല്‍ ചാനലിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ പദവിയില്‍ ബര്‍ക്ക തുടരും.

അതേ സമയം എന്‍.ഡി.ടി.വിയില്‍ ബര്‍ക്ക ചെയ്ത് വന്നിരുന്ന “ബക്ക് സ്റ്റോപ്‌സ് ഹിയര്‍”, “വീ ദ പീപ്പിള്‍” തുടങ്ങിയ പരിപാടികള്‍ തുടര്‍ന്നും അവതരിപ്പിക്കും. എന്‍.ഡി.ടി.വിയിലെ ജീവനക്കാര്‍ക്ക് ചെയര്‍മാന്‍ പ്രണോയ് റോയ് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ബര്‍ക്കാ ദത്ത് ചാനലുമായുള്ള മുഴുവന്‍ സമയ ബന്ധം അവസാനിപ്പിച്ചതായി അറിയിച്ചത്.

തന്റെ 23ാമത്തെ വയസിലാണ് ബര്‍ക്കാ ദത്ത് എന്‍.ഡി.ടി.വി (ന്യൂ ഡല്‍ഹി ടെലിവിഷന്‍)യുടെ ഭാഗമാകുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ചാനലിന്റെ മുഖമായിരുന്ന ബര്‍ക്ക കാര്‍ഗില്‍ യുദ്ധകാലത്ത് നടത്തിയ റിപ്പോര്‍ട്ടിംഗിലൂടെയാണ് പ്രശസ്തയായത്. നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ബര്‍ക്കയുടെ പ്രതിഛായക്ക് മങ്ങലേല്‍പിച്ച സംഭവമായിരുന്നു ഓപണ്‍ മാഗസിന്‍ പുറത്ത് വിട്ടിരുന്ന നീര റാഡിയ ടേപ്പ് വിവാദം.